
കോട്ടയം: സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി – മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ.
ഡ്രഗ്സിറ്റ് സമ്മിറ്റ് എന്ന് പേരിൽ സംഘടിപ്പിക്കുന്ന ഉച്ചകോടി ജൂൺ 14 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ സഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. ഉച്ചയ്ക്ക് 3 മണിക്ക് മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.
സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ,മാർത്തോമ്മാ സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്താ, സിറോ മലബാർ സഭ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.എസ്.ഐ സഭ മധ്യകേരള ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, ശ്രീനാരായണ ധർമ്മസംഘം കോർപറേറ്റ് മാനേജർ ശ്രീമദ് സ്വാമി വിശാലാനന്ദ, കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ചീഫ് ഇമാം ഷഫീഖ് മന്നാനി,മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് എന്നിവർ സംസാരിക്കും.
കോൺക്ലേവിന്റെ ആദ്യ സെഷൻ സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്യും. കാതോലിക്കാ ബാവാ ബസേലിയോസ് മാർതോമ മാതൃൂസ് തൃതീയൻ അധ്യക്ഷത വഹിക്കും. വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐ.എ.എസ് മുഖ്യസന്ദേശം നൽകും. തുടർന്ന് വിഷയാവതരണം നടക്കും.
കുട്ടിക്കാനം മരിയൻ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ്, മദ്യ മുക്തി പ്രസ്ഥാനം നേതാവും സമൂഹ്യപ്രവർത്തകനുമായ പ്രൊഫ.സി.മാമച്ചൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ മോഡറേറ്ററാകും. സഭയുടെ വൈദിക ട്രസ്റ്റി ഫാ.ഡോ തോമസ് വർഗീസ് അമയിൽ,അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം എന്നിവർ സംസാരിക്കും
ലഹരിക്കെതിരായ പോരാട്ടം മലങ്കരസഭയുടെ സാമൂഹികവും ആത്മീയവുമായ ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മത-സാമുദായിക- രാഷ്ട്രീയ- സന്നദ്ധ സംഘടനകളും ഈ മഹാവിപത്തിനെ തുടച്ച് നീക്കാൻ രംഗത്തിറങ്ങണം. സഭയുടെ ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾക്കായുളള ബോധവൽക്കരണ പരിപാടികൾ തുടരുമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ഡ്രഗ്സിറ്റ് ഉച്ചകോടിയുടെ ഭാഗമായി കോട്ടയം
നഗരത്തിൽ ലഹരിവിരുദ്ധ സന്ദേശമുയർത്തി ഫ്ലാഷ്മൊബുകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്ന വാർത്താസമ്മേനത്തിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
കാതോലിക്കാ ബാവാ, സഭയുടെ മാനവ ശാക്തീകരണ വിഭാഗം പ്രസിഡന്റ് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, മാനവ ശാക്തീകരണ വിഭാഗം ഡയറക്ടർ ഫാ.പി.എ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.