
സ്വന്തം ലേഖകൻ
കൊട്ടാരക്കര: കൊട്ടാരക്കര വനിതാ പൊലീസ് സ്റ്റേഷനില്‍ രണ്ട് എസ്.ഐമാര്‍ പരസ്യമായി ഏറ്റുമുട്ടി. ഏറ്റമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആവലാതിക്കാരും മറ്റും നോക്കി നില്‍ക്കെയായിരുന്നു എസ്.ഐമാരുടെ സംഘട്ടനം.
വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്. ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. ഈയിടെ ഇവിടേക്ക് സ്ഥലം മാറി വന്ന വനിതാ എസ്.ഐ.ഡെയ്സിയും ഫാത്തിമയും തമ്മിലായിരുന്നു തര്‍ക്കവും സംഘട്ടനവും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിതാ സ്റ്റേഷനില്‍ എസ്.ഐയുടെയും എസ്.എച്ച്.ഒയുടെയും ചുമതല വഹിച്ചിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടതായിരുന്നു ഡെയ്സി.
പുനര്‍ നിയമനമായാണ് ഡെയ്സി കൊട്ടാരക്കരയില്‍ വീണ്ടും എത്തിയത്.
ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്.
അധികാരസ്ഥാനത്തെ ചൊല്ലി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവര്‍ രഹസ്യം പറയുന്നുണ്ട്. വനിതാ ഇന്‍സ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തര്‍ക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
ജില്ലാ പോലീസ് മേധാവിയുടെ മൂക്കിനു താഴെയാണ് വനിതാ എസ്.ഐമാര്‍ ഏറ്റുമുട്ടിയത്. പൊലീസ് സേനക്കും സമൂഹത്തിനും നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നുവത്രെ. ഉച്ചയ്ക്ക് ഫാത്തിമയുടെ കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തുവെന്ന് പറയുന്നു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലെത്തിയത്.
പിടിവലിയില്‍ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരുടെ കൈക്ക് പൊട്ടലുണ്ട്. വനിതാ പൊലീസ് സ്‌റ്റേഷനില്‍ ആവലാതിയുമായി എത്തിയ നിരവധി സ്ത്രീകളുടെ മുന്‍പിലായിരുന്നു നിയമപാലകരുടെ കയ്യാങ്കളി.