
സ്വന്തം ലേഖകൻ
പത്തനംതിട്ട: കോന്നിയില്‍ പ്രസവ ചികിൽസക്കിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി മരിച്ചെന്നും കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് എലിയറക്കല്‍ സ്വദേശി കാര്‍ത്തിക വിജേഷിനെ പ്രസവത്തിനായി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് ആറു മണിയോടെ ലേബര്‍ റൂമിലേക്ക് മാറ്റിയ യുവതി രാത്രി 11 മണിയോടെ പ്രസവിച്ചു. ഇതിന് പിന്നാലെ രക്‌തം ആവശ്യമുണ്ടെന്ന് പറഞ്ഞ ആശുപത്രി അധികൃതര്‍ മിനിറ്റുകള്‍ക്കകം യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പത്തനംതിട്ടയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാര്‍ത്തിക മരണപ്പെട്ടു. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്ന കാര്‍ത്തിക ആശുപത്രി ജീവനക്കാരുടെ പിഴവ് മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തിലും ഗുരുതരമായ പരിക്കുകളുണ്ടെന്നും ഇവര്‍ പറയുന്നു.
അതേസമയം, ചികിൽസക്കിടെ യുവതിക്ക് അമിതമായ രക്‌തസ്രാവം ഉണ്ടായെന്നും ഇതിനാലാണ് ആശുപത്രി മാറ്റത്തിന് നിര്‍ദ്ദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്‌ചകളുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം കൈപ്പറ്റിയ മൃതദേഹം ഇന്ന് സംസ്‌കരിക്കും.