ലഡു കഴിച്ച് മടുത്തു ; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി യുവാവ്
സ്വന്തം ലേഖിക
മീററ്റ്: എല്ലാദിവസവും തനിക്ക് കഴിക്കാനായി ഭാര്യ ലഡു മാത്രം നൽകുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു. കഴിഞ്ഞദിവസം മീററ്റിലാണ് ഭാര്യയ്ക്കെതിരെ വിചിത്രമായ പരാതിയുമായി യുവാവ് കോടതിയിലെത്തിയത്.
ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ തനിക്ക് ഭക്ഷണമായി ലഡു മാത്രം നൽകുന്നതെന്നാണ് യുവാവിന്റെ പരാതി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ യുവാവാണ് കുടുംബ കോടതിയിൽ പരാതിയുമായെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെയും രാത്രിയും നാല് ലഡു വീതമാണ് യുവാവിന്റെ ഭാര്യ കഴിക്കാനായി നൽകിയിരുന്നത്. മറ്റ് ഭക്ഷണം നൽകുകയോ കഴിക്കാൻ അനുവദിക്കുകയോ ചെയ്യുന്നില്ലെന്നും യുവാവ് പറഞ്ഞു. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് കൊല്ലമായി. ദമ്ബതിമാർക്ക് മൂന്ന് കുട്ടികളുമുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനാണ് യുവാവ്. ഭർത്താവിന്റെ രോഗം മാറാനുള്ള മാർഗം തേടി സമീപിച്ച യുവതി ഒരു സിദ്ധനെ സമീപിച്ചു. ഭർത്താവിന് ദിവസേന രണ്ടുനേരം ലഡു മാത്രം നൽകാനായിരുന്നു സിദ്ധൻ ഭാര്യയ്ക്ക് നൽകിയ ഉപദേശം. തനിക്കിനി ഭാര്യയുടെ പീഡനം സഹിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും യുവാവ് കോടതിയെ ധരിപ്പിച്ചു.
എന്തായാലും കോടതിയുടെ കൗൺസിലിങ് പാനൽ യുവാവിന്റെ വിചിത്രമായ ആവശ്യം കേട്ട് എന്തുചെയ്യണമെന്നറിയാതെ ആകെ കുഴങ്ങിയ അവസ്ഥയിലാണ്. ദമ്ബതിമാരെ കൗൺസിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തിൽ നിന്ന് മോചിപ്പിക്കാനാവില്ലെന്ന് പാനൽ പറയുന്നു. ലഡു കഴിച്ചാൽ മാത്രമേ ഭർത്താവിന്റെ അസുഖം മാറുകയുള്ളൂവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്ന നിസ്സഹായതയും പാനൽ പ്രകടിപ്പിച്ചു.