പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ആഴത്തിൽ മുറിവേറ്റു; യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ

Spread the love

ലഖ്‌നൗ: പട്ടത്തിൻ്റെ നൂല് കഴുത്തിൽ കുരുങ്ങി 30കാരന് ഗുരുതരമായി പരുക്കേറ്റു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ല സ്വദേശിയായ രജനീഷിനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുഗ്ലകാബാദ് മെട്രോ സ്റ്റേഷന് സമീപത്തൂടെ നടക്കുമ്പോഴാണ് പട്ടത്തിൽ കെട്ടാൻ ഉപയോഗിക്കുന്ന, രാജ്യത്ത് നിരോധിച്ചിട്ടുള്ള ചൈനീസ് നിർമിത സിന്തറ്റിക് ചരട് രജനീഷിൻ്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചത്. ദില്ലിയിലെ എയിംസ് ട്രോമ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ദില്ലിയിലെ സരിത വിഹാറിനെ ഫരീദാബാദുമായി ബന്ധിപ്പിക്കുന്ന ഫ്ലൈഓവറിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് ബദർപൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം പൊലീസുകാർ സ്ഥലത്തേക്ക് കുതിച്ചെത്തി. ഈ സമയത്ത് രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുകയായിരുന്നു രജനീഷ്, ചൈനീസ് മാഞ്ച എന്നറിയപ്പെടുന്ന ചുവന്ന നിറത്തിലുള്ള സിന്തറ്റിക് ചരടാണ് പരുക്കിന് കാരണമെന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. അപകടകാരിയായ ഈ ചരട് രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണെന്ന് പൊലീസ് പറയുന്നു.

മനുഷ്യർക്കും പക്ഷികൾക്കും മൃഗങ്ങൾക്കും പരുക്കേൽക്കാനും മരണത്തിനും കാരണമാകുന്നതാണ് നൈലോൺ ഉപയോഗിച്ച് നിർമിക്കുന്ന ഈ സിന്തറ്റിക് ചരട്. എന്നാൽ നിരവധി തവണ വ്യാപക പരിശോധന അടക്കം നടത്തിയിട്ടും രാജ്യതലസ്ഥാനത്ത് ഈ ചരടുകളുടെ വിൽപ്പന തടയാൻ പൊലീസ് സംവിധാനങ്ങൾക്ക് സാധിച്ചിട്ടില്ല. ജൂലൈ 18 ന് 325 റോൾ ചൈനീസ് മാഞ്ചയുമായി രണ്ട് സഹോദരങ്ങളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമീർ (22), സഹോദരൻ ഷാക്കിർ (18) എന്നിവരാണ് അന്ന് പിടിയിലായത്. ബിഎൻഎസിലെ സെക്ഷൻ 223(ബി) പ്രകാരവും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5/15 പ്രകാരവും പൊലീസ് ഇവർക്കെതിരെ കേസെടുത്തു. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് പട്ടത്തിൽ കെട്ടാൻ ചൈനീസ് മാഞ്ചി എത്തിച്ചതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group