
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാൻസറില്ലാത്ത രോഗിയ്ക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ലാബുകളുടെ ഗുരുതരമായ പിഴവ് വീണ്ടും. പതിനഞ്ച് മിനിറ്റിന്റെ ഇടവേളയിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ ലാബിൽ രക്തം പരിശോധിച്ചയാൾക്ക് ലഭിച്ചത് മൂന്നു ഫലം. ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തിയയാൾക്ക് മൂന്നു പരിശോധനാ ഫലം ലഭിച്ചത്. വിവാദമായ ഡയനോവ ലാബിലും, മെഡിവിഷനിലും, ഡിഡിആർസിയിലുമാണ് പരിശോധന നടത്തിയത്. മൂന്നു ലാബിലും നടത്തിയ പരിശോധനയിൽ വലിയ വ്യത്യാസമുള്ള മൂന്ന് പരിശോധനാ ഫലമാണ് ലഭിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.37 നും 12.08 നും ഇടയിലുള്ള സമയത്താണ് സാമ്പിളുകൾ ശേഖരിച്ചത്. നൂറ് മീറ്ററിന്റെ പരിധിയിൽ മാത്രമുള്ള ലാബുകളിൽ നിരക്കിന്റെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപത്ത് ഡയനോവ ലാബിൽ ലിവർ ഫങ്ഷൻ ടെസ്റ്റിന് 400 രൂപയായിരുന്നു നിരക്ക്, മെഡിക്കൽ കോളേജ് മോർച്ചറിയ്ക്ക് സമീപത്തെ കവാടത്തിന് മുന്നിലെ ഡിഡി ആർ സി ലാബിൽ ഇതേ പരിശോധനയ്ക്ക് 500 രൂപയും, മെഡിക്കൽ കോളജിനു എതിർവശത്തെ ഷോപ്പിംങ്ങ് കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന മെഡിവിഷൻ ലാബിൽ 515 രൂപയുമായിരുന്നു ഒരേ പരിശോധനയ്ക്ക് നിരക്കായത്.
1.0 യ്ക്ക് മുകളിൽ ബില്ലൂറൂബിന്റെ അളവ് കണ്ടെത്തിയാൽ രോഗിയ്ക്ക് മഞ്ഞപ്പിത്തമുണ്ടെന്നാണ് സൂചന. ഡിഡിആർസി ലാബിൽ ബില്ലൂറൂബിൻ ഡയറക്ടിന്റെ അളവ് കണ്ടെത്തിയത് 1.47 ആയിരുന്നു. ഡയനോവ ലാബിൽ 2.1 ഉം, മെഡിവിഷനിൽ 2.40 യുമായിരുന്നു അളവ് കണ്ടെത്തിയത്.
കോട്ടയത്തെ വ്യാപാരിയായ ശ്രീകുമാറിന്റെ രക്ത സാമ്പിളുകളാണ് മൂന്നു ലാബോറട്ടറികളിലും ഒരേ സമയം പരിശോധിച്ചത്. എന്നാൽ, പരിശോധനാ ഫലത്തിലെ വ്യതിയാനം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽ ഏത് വിശ്വസിച്ച് ഡോക്ടറെ സമീപിച്ച് മരുന്ന് വാങ്ങി കഴിക്കുമെന്ന ആശങ്കയിലാണ് ശ്രീകുമാർ. മൂന്നിലും വലിയ വ്യത്യാസത്തിലുള്ള ഫലം ലഭിച്ചതോടെ ഏത് വിശ്വസിച്ച് മരുന്ന് കഴിക്കുമെന്നും ഇദ്ദേഹം ആശങ്കപ്പെടുന്നു. ഉയർന്ന അളവിലുള്ള ബില്ലൂറൂബിനുണ്ടെങ്കിൽ സ്വാഭാവികമായും ശാരീരിക അസ്വസ്ഥതകളും ഛർദിലും അടക്കമുള്ളവ ഉണ്ടാകേണ്ടതാണ്. എന്നാൽ, ഇതൊന്നും ഇദ്ദേഹത്തിന് കാണാനുണ്ടായിരുന്നില്ല. ഓരോ ലാബിലും ചെല്ലുമ്പോൾ ഏത് ഡോക്ടറുടെ നിർദേശാനുസരണമാണ് എത്തുന്നതെന്ന് ഇവർ ചോദിച്ചിരുന്നു. ഡോകടറുടെ പേരുപറഞ്ഞാൽ ഈ ലാബിലെ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തിയ ശേഷം ഇതിന്റെ കമ്മിഷൻ കൃത്യമായി ഡോക്ടർക്ക് ലഭിക്കുകയും ചെയ്യും. ഇത്തരത്തിൽ വൻ തട്ടിപ്പുകളാണ് ലാബുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ ലാബിയെും പരിശോധനാ ഫലങ്ങൾ ഇങ്ങനെ
മെഡിവിഷൻ
ബില്ലൂറൂബിൻ
ടോട്ടൽ – 2.40
ഡയറക്ട് – 1.00
ബില്ലൂറൂബിൻ ഇൻഡയറക്ട് – 1.40
പ്രോട്ടീൻ ടോട്ടൽ – 8.00
ആൽബുമിൻ – 3.90
ഗ്ലോബുലിൻ – 4.10
എ/ജി റേഷ്യോ – 1.0
എസ്ജിഒടി – 20.0
എസ്ജിപിടി – 23.0
അൽക്കെയിൻ ഫോസ്‌ഫേറ്റ് – 59.0
ഡിഡിആർസി
ബില്ലൂറൂബിൻ
ടോട്ടൽ – 1.47
ഡയറക്ട് – 0.5
പ്രോട്ടീൻ ടോട്ടൽ – 6.8
ആൽബുമിൻ – 4.8
ഗ്ലോബുലിൻ – 2.
എ/ജി റേഷ്യോ – 2.4
എസ്ജിഒടി – 18
എസ്ജിപിടി – 21
അൽക്കെയിൻ ഫോസ്‌ഫേറ്റ് – 69.3
ഡയനോവ
ബില്ലൂറൂബിൻ
ടോട്ടൽ – 2.1
ഡയറക്ട് – 0.4
ബില്ലൂറൂബിൻ ഇൻഡയറക്ട് – 1.7
പ്രോട്ടീൻ ടോട്ടൽ – 6.99
ആൽബുമിൻ – 4.38
ഗ്ലോബുലിൻ – 2.61
എ/ജി റേഷ്യോ – 1.67
എസ്ജിഒടി – 22
എസ്ജിപിടി – 34
അൽക്കെയിൻ ഫോസ്‌ഫേറ്റ് – 167