സാലറി സർട്ടിഫിക്കറ്റിൽ ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ചു; എസ്ബിഐ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് പണം തട്ടാൻ ശ്രമം; കൊല്ലത്ത് ലേബർ കോടതി ജീവനക്കാരൻ പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: സാലറി സർട്ടിഫിക്കറ്റിൽ ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച കേസിൽ ലേബർ കോടതി ജീവനക്കാരൻ പിടിയിൽ. വർക്കല മേലേവെട്ടൂർ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടിൽ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സാലറി സർട്ടിഫിക്കറ്റിൽ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിടുകയായിരുന്നു അനൂപ്. ഈ രേഖകൾ തേവള്ളി എസ്ബിഐ ബാങ്കിൽ സമർപ്പിച്ചു. സർട്ടിഫിക്കറ്റിന്റെ കൺഫർമേഷനായി സർട്ടിഫിക്കറ്റുകൾ ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ജഡ്ജിയാണ് പൊലീസിൽ പരാതി നൽകിയത്. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണ വിധേയമായി അനൂനെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ജോലിയിൽ തിരികെ പ്രവേശിച്ച ഇയാൾക്ക് പത്തനംതിട്ട ലേബർ കോടതിയിലേക്ക് മാറ്റം ലഭിച്ചു. തെളിവുകൾ ലഭിച്ചതോടെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയെങ്കിലും അനൂപ് ഒളിവിൽ പോകുകയായിരുന്നു. ഇയാൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പിന്നാലെ വർക്കലയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അനൂപിനെ പൊലീസ് പിടികൂടി.
കൊല്ലം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. 2019 ൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്.