
പയ്യന്നൂരിലെ മുതിര്‍ന്ന സിപിഐഎം നേതാവ് കെ വി രാഘവന്‍ അന്തരിച്ചു
കണ്ണൂർ : പയ്യന്നൂരിലെ മുതിര്‍ന്ന സിപിഐഎം നേതാവ് കെ വി രാഘവന്‍( കോടൂര്‍ രാഘവന്‍- 80) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. നീണ്ടകാലം സിപിഐഎമ്മിന്‍റെ അവിഭക്ത കോറോം ലോക്കല്‍ സെക്രട്ടറിയും പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറായും പഞ്ചായത്ത് ആയിരുന്നപ്പോള്‍ പഞ്ചായത്തംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച സംഘാടകനും സഹകാരിയുമായിരുന്നു. കോറോം സഹകരണ ബാങ്ക് പ്രസിഡണ്ട്, പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടര്‍, കൈരളി ഹോട്ടല്‍ ഭരണസമിതി അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പയ്യന്നൂരിലെയും കോറോത്തെയും പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന ജനകീയ മുഖമായ കെവിആറിന് അരനൂറ്റാണ്ടിലധികം കാലത്തെ രാഷ്ട്രീയ അനുഭവസമ്പത്തുണ്ട്. മികച്ച കര്‍ഷകനായിരുന്നു. കര്‍ഷകസംഘത്തിന്‍റെ ജില്ലയിലെ തന്നെ അറിയപ്പെടുന്ന നേതാക്കളിലൊരാളായിരുന്നു.
പലേരി ദേവിയാണ് ഭാര്യ. കോറോം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ബിജു പലേരി, ബിന്ദു, ബിനി എന്നിവരാണ് മക്കള്‍. നാരായണി, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍. സുധാകരന്‍ എന്നിവരാണ് സഹോദരങ്ങള്‍. കെവിആറിന്‍റെ മൃതദേഹം ഇന്ന്(21.09.24) ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മുത്തത്തി ഇഎംഎസ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. വൈകീട്ട് 6.30ന് സംസ്കാരം നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
