പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരി 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്നു: 6 ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് കുട്ടിക്കരികിൽ എത്താൻ കഴിയുന്നില്ല.
ജയ്പൂര്‍: കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആറാം ദിവസവും തുടരുന്നു. രാജസ്ഥാനിലെ കോട്പുത്ലിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് 3 വയസ്സുകാരി ചേതന പിതാവിന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.
150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ച രാവിലെ കേസിംഗ് പൈപ്പിന്റെ വെല്‍ഡിംഗ് പൂര്‍ത്തിയാക്കി രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍ക്കിണറില്‍ ഇറക്കാനുള്ള ശ്രമത്തിലാണ്. തുടര്‍ന്നുള്ള ഘട്ടത്തില്‍ സമാന്തരമായി കുഴിച്ച തുരങ്കത്തിന്റെ കോണില്‍ മറ്റൊരു തുരങ്കം കുഴിച്ച് അതിലൂടെ ചേതനയെ പുറത്തെടുക്കാന്‍ കഴിയുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അനുമാനിക്കുന്നത്.
ഓപ്പറേഷന്‍ സുഗമമാക്കാന്‍ ഫാന്‍, ലൈറ്റുകള്‍, ഓക്സിജന്‍, കട്ടര്‍ മെഷീനുകള്‍ എന്നിവ കുഴല്‍ക്കിണറിലേക്ക് ഇറക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍, പ്രദേശത്തേയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ബദല്‍ റെസ്‌ക്യൂ പ്ലാനുകള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ആളുകള്‍ക്കിടയില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്, കാരണം പ്ലാന്‍ എയ്‌ക്കൊപ്പം പ്ലാന്‍ ബി ഒരേസമയം നടപ്പിലാക്കുന്നത് രക്ഷാപ്രവര്‍ത്തന ദൗത്യം വേഗത്തിലാക്കാമെന്ന് അവര്‍ വാദിക്കുന്നു.
ഇതിനിടെ തന്റെ മകളെ കുഴല്‍ക്കിണറില്‍ നിന്ന് എത്രയും പെട്ടെന്ന് പുറത്തെത്തിക്കണമെന്ന് ചേതനയുടെ മാതാവ് ധോലെ ദേവി രാജസ്ഥാന്‍ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, രക്ഷാദൗത്യം സംബന്ധിച്ച് തങ്ങളുമായി യാതൊരു വിവരങ്ങളും ഉദ്യോഗസ്ഥര്‍ പങ്കുവെയ്ക്കുന്നില്ലെന്ന് ചേതനയുടെ കുടുംബം ആരോപിക്കുന്നു. ഇതുവരെയും ജില്ലാ കളക്ടര്‍ കുടുംബത്തെ സന്ദര്‍ശിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.