
സ്വന്തം ലേഖകൻ
ചിങ്ങവനം: പാതിരാത്രിയിൽ ഇരു സംഘങ്ങൾ തമ്മിലടിച്ചു.അടി മൂത്തപ്പോൾ അടുത്ത കടയിൽ സൂക്ഷിച്ചിരുന്ന സോഡാ കുപ്പികൾ എറിഞ്ഞുടച്ചു. നേരം വെളുത്തപ്പോൾ നാട്ടുകാർ കണ്ടത് കുപ്പിച്ചില്ല് പാകിയ റോഡ്.
കോട്ടയം പനച്ചിക്കാട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് 250 മീറ്ററോളം ദൂരത്തിൽ കുപ്പിച്ചില്ല് കിടക്കുന്നത്.
ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങൾ വരുന്ന പ്രധാന പാതയായ എൻ എസ് എസ് ഹൈസ്കൂൾ – തുരുത്തിപ്പള്ളി റോഡിൽ ആണ് കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നത്.
ക്ഷേത്രത്തിൽ തിരുവാതിര ഉത്സവം നടന്നു വരുകയാണ്. ഇന്നലെ രാത്രി12.30ക്ക് ശേഷം യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി സംഘർഷം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു . സംഘർഷത്തിനിടെ സമീപത്തെ കടയുടെ തിണ്ണയിൽ രണ്ട് ട്രേകളിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സോഡാ കുപ്പികളും അക്രമികൾ അടിച്ച് പൊട്ടിച്ചു.
ഇതോടെ കാൽനടയാത്രക്കാർക്ക് സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് രാവിലെ റോഡിൽ കുപ്പിച്ചില്ലുകൾ കിടക്കുന്നത് ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽ പെട്ടതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു സ്ഥലത്തെത്തി ചിങ്ങവനം പോലീസിൽ വിവരമറിയിച്ചു . ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരികയാണ് .



