കുവൈറ്റ് ദുരന്തം; കോട്ടയം സ്വദേശിയായ ശ്രീഹരിക്കും ഷിബുവിനും നാട് ഇന്ന് വിടചൊല്ലും; അടുത്ത ബന്ധുക്കള്‍ക്ക് മാത്രം വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാം; സ്റ്റെഫിന്‍റെ സംസ്‌കാരം നാളെ

Spread the love

ചങ്ങനാശേരി: കുവൈറ്റില്‍ അഗ്‌നിയില്‍ പൊലിഞ്ഞ ഷിബു വര്‍ഗീസിനും ശ്രീഹരി പ്രദീപിനും ഇന്നു നാട് വിടചൊല്ലും.

സ്റ്റെഫിന്‍റെ സംസ്‌കാരം നാളെ നടക്കും. കുവൈറ്റില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ അഗ്‌നിയില്‍ പൊലിഞ്ഞ പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കല്‍ ഷിബു വര്‍ഗീസിന്‍റെയും ഇത്തിത്താനം കിഴക്കേടത്ത് ശ്രീഹരി പ്രദീപിന്‍റെയും സംസ്‌കാരമാണ് ഇന്നു നടക്കുന്നത്.

തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഷിബു വര്‍ഗീസിന്‍റെ മൃതദേഹം ഇന്നു രാവിലെ 10നു പായിപ്പാട്ടുള്ള പാലത്തിങ്കല്‍ വസതിയില്‍ എത്തിക്കും. അടുത്ത ബന്ധുക്കള്‍ക്ക് മാത്രം വസതിയില്‍ അന്തിമോപചാരം അര്‍പ്പിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11.30 മുതല്‍ ഇടവക പള്ളിയായ പായിപ്പാട് സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തില്‍ ഷിബു വര്‍ഗീസിന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 2.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഷിബുവിന്‍റെ കുവൈറ്റിലുള്ള മൂത്ത സഹോദരന്‍ ഷിജുവും കുടുംബവും ഇന്ന് രാവിലെ വീട്ടിലെത്തും.

തുരുത്തി യൂദാപുരം സെന്‍റ് ജൂഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കിഴക്കേടത്ത് ശ്രീഹരിയുടെ മൃതദേഹം ഇന്ന് രാവിലെ ഒൻപതിന് ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപമുള്ള കിഴക്കേടത്ത് വസതിയില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വയ്ക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കുവൈറ്റിലായിരുന്ന ശ്രീഹരിയുടെ പിതാവ് പ്രദീപ് വെള്ളിയാഴ്ച വീട്ടിലെത്തിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ ഇന്ന് ഇരുവരുടെയും വീടുകളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ദുരന്തത്തില്‍ മരിച്ച പാമ്പാടി ഇടിമാലില്‍ സാബു-ഷേര്‍ളി ദമ്പതികളുടെ മകന്‍ സ്റ്റെഫിന്‍ സാബു ഏബ്രഹാമിന്‍റെ (29) സംസ്‌കാരം നാളെ നടക്കും.

നാളെ രാവിലെ ഏഴിനു മാങ്ങാനം മന്ദിരം ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്നും വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം പെരന്പ്രാക്കുന്നില്‍ പണിയുന്ന വീട്ടിലെത്തിച്ചശേഷം ഒൻപതിന് സെന്‍റ് മേരീസ് സിംഹാസന പള്ളിയുടെ പോരാളൂര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

ഉച്ചകഴിഞ്ഞ് 1.30ന് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്‌ 2.30ന് ഐപിസി ബഥേല്‍ സഭയുടെ ഒൻപതാം മൈല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.