കുവൈറ്റിൽ വീട്ടിൽ അകപ്പെട്ട മലയാളി യുവതിയെ അജപാക് നാട്ടിൽ എത്തിച്ചു
സ്വന്തം ലേഖകൻ
കുവൈറ്റ്; കുവൈറ്റിൽ സ്വദേശിയുടെ വീട്ടിൽ ഗാർഹിക ജോലിയിൽ ഏർപ്പെട്ടിരുന്ന ആലപ്പുഴ, ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനിയെ ആലപ്പുഴ പ്രവാസി അസ്സോസിയേഷൻ്റെ സമയോചിതമായ ഇടപെടൽ മൂലം ഇന്ത്യൻ എംബസ്സിയുടെ സഹായത്താൽ നാട്ടിൽ എത്തിച്ചു.
ഗാർഹിക ജോലിക്കിടയിൽ അതി കഠിനമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് അജപാക് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത് . സ്വദേശിയുടെ വീട്ടിൽ നിന്നും അമ്പിളിയെ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകി, ആശുപത്രിയിൽ ആവശ്യമായ ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കിയ ശേഷം ഇന്ത്യൻ എംബസ്സിയുടെ അധീനതയിലുള്ള അഭയകേന്ദ്രത്തിൽ എത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസോസിയേഷന്റെ ഇടപെടൽ മൂലം വിമാന യാത്രക്കായുള്ള എയർ ടിക്കറ്റ് എംബസ്സിയിൽ നിന്ന് ലഭ്യമാക്കിയും യാത്ര ചിലവുകളും നൽകി അവരെ നാട്ടിലേക്കു യാത്ര അയക്കുകയും ചെയ്തു. കുടുംബത്തിലെ സാമ്പത്തീക പ്രതിസന്ധികൾ മനസിലാക്കിയ അജപാക്, അംഗങ്ങളുടെ സഹകരണത്തോടെ ഒരു ലക്ഷം രൂപ സമാഹരിച്ചു അയച്ചു നൽകിയതിന്റെ രസീത് ഇന്ത്യൻ എംബസി അധികൃതരുടെ സാന്നിദ്ധ്യത്തിൽ അജപാക്കിന്റെ പ്രസിഡന്റ് ശ്രി രാജീവ് നടുവിലേമുറി കൈമാറി.
ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ, ട്രെഷറർ കുരിയൻ തോമസ്, പേട്രൺ ബാബു പനമ്പള്ളി, മറ്റു ഭാരവാഹികൾ ആയ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു, ഹരി പത്തിയൂർ എന്നിവർ സന്നിഹിതരായിരുന്നു.