കുട്ടികൾ അവരുടെ കഴിവിന് അനുസരിച്ച് വളരട്ടെ,എന്റെ മകന് പ്ലസ്ടു വിദ്യാഭ്യാസമേ ഉള്ളു; മകനെക്കുറിച്ച് തുറന്നു പറഞ്ഞ് ഋഷിരാജ് സിംങ്
സ്വന്തംലേഖിക
തിരുവനന്തപുരം: പത്താംക്ലാസിലും പ്ലസ്ടുവുവിനും പഠിക്കുന്ന മക്കൾ എപ്ലസ് വാങ്ങിയേ മതിയാവൂ എന്ന് വാശിപിടിക്കുന്ന അച്ഛനമ്മമാർ കേൾക്കണം എക്‌സൈസ് കമ്മിഷണറും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗിന്റെ വാക്കുകൾ. എന്റെ മകന് പ്ലസ്ടു വിദ്യാഭ്യാസമേ ഉള്ളൂ,എന്നാൽ, ഇപ്പോൾ ചൈനയിലെ പ്രമുഖ സ്റ്റുഡിയോയിൽ ആനിമേഷൻ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു.തന്റെ മകനെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞ വാക്കുകളാണ്.
ഋഷിരാജ് സിംഗിന്റെ വാക്കുകൾ ഇങ്ങനെ ,
പഠിക്കാൻ ഒട്ടും താൽപര്യമില്ലാത്ത കുട്ടിയായിരുന്നു എന്റെ മകൻ.58-60 ശതമാനത്തിന് മുകളിലേക്ക് അവന്റെ മാർക്ക് ഉയർന്നിരുന്നില്ല. ഒരു പ്രാവശ്യം ഞാൻ ചോദിച്ചു, ഇതെന്താ ഇങ്ങനെയെന്ന്. എനിക്ക് ഇത്രയേ ചെയ്യാൻ പറ്റൂള്ളൂ എന്നായിരുന്നു അവന്റെ മറുപടി. പിന്നെ അവനെ ശല്യം ചെയ്തില്ല.പ്ലസ് ടുവിന് 62 %മാർക്ക് കൊണ്ടാണ് പാസായത്. ഈ മാർക്കിനെ കൊണ്ട് വല്യകാര്യമില്ല എന്നായിരുന്നു ധാരണ. അടുത്ത പരിപാടി എന്താണെന്ന് ചോദിച്ച എനിക്ക് തന്ന മറുപടി ഇനി പഠിക്കാൻ താൽപര്യമില്ല എന്നും ആനിമേഷൻ സിനിമ ഉണ്ടാക്കാൻ താൽപര്യമുണ്ടെന്നും പറഞ്ഞു.ഇത് പഠിക്കാനായി ഒരു ഡിപ്ലോമ മതി എന്നും അറിയിച്ചു. എഡ്യുക്കേഷൻ ലോൺ എടുത്ത് ഡിപ്ലോമ ചെയ്യിപ്പിച്ചു.2010ൽ ബോംബെയിൽ ഒരു ചെറിയ സ്റ്റുഡിയോയിൽ ആദ്യമായി അവൻ ജോലിക്കായി കയറി. അതിന് ശേഷം വലിയ സ്റ്റുഡിയോയിലുമെത്തി. അതെല്ലാം പ്രൊഫഷണൽ വർക്കായിരുന്നു. ശേഷം ബാംഗ്ലൂരിലേക്ക് വന്നു. അവിടെ അമേരിക്കൻ ആനിമേറ്ററായ സ്റ്റീഫൻ ബർഗിന്റെ സ്റ്റുഡിയോയിലായിരുന്നു. ഓൺെൈലൻ പരീക്ഷ എഴുതിയാണ് ഇവിടെ കിട്ടിയത്. അവിടത്തെ സ്റ്റുഡിയോക്കാരൻ ഇവന്റെ ജോലി കണ്ട് ലണ്ടനിലേക്ക് അയച്ചു. ലണ്ടനിൽ നിന്ന് മറ്റൊരു പരീക്ഷ എഴുതി ചൈനയിലേക്കും പോയി.ഇപ്പോൾ ചൈനയിൽ ഒരു സ്റ്റുഡിയോയിൽ ആനിമേഷൻ ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു. 12ാം ക്ലാസ് വരെയുള്ളൂ അവന്റെ പഠനം. അന്ന് ഞാൻ അവൻ ഐ.പി.എസ് ആവണമെന്ന് വാശി പിടിച്ചിരുന്നെങ്കിൽ അവനിവിടെ എത്തില്ലായിരുന്നു. കുട്ടികൾ അവരുടെ കഴിവനുസരിച്ച് വളർന്നോളും, നമ്മൾ അതിന് വേണ്ടി കാത്തിരിക്കണം.-അദ്ദേഹം പറഞ്ഞു.