കുറ്റിക്കാട്ടിലൊളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു: തൊഴിലാളിക്ക് ഗുരുതര പരിക്ക്

കുറ്റിക്കാട്ടിലൊളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു: തൊഴിലാളിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

തലശേരി: തിരഞ്ഞെടുപ്പിന് പൊട്ടിക്കാൻ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിയ്ക്ക് പരിക്കേറ്റു. പുരയിടം വൃത്തിയാക്കാൻ എത്തിയ കോഴിക്കോട് സ്വദേശി മനോജിനാണ് പരിക്കേറ്റത്. രണ്ടു കൈകളും തകർന്ന ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാവിലെയായിരുന്നു സംഭവം ഉണ്ടായത്. കണ്ണൂർ തലശേരിയിൽ കാട് പിടിച്ചു കിടന്ന പുരയിടത്തിലായിരുന്നു സംഭവങ്ങൾ. പുരയിടം മാസങ്ങളായി കാടു പിടിച്ച് കിടക്കുകയായിരുന്നു. ഇത് വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു മനോജ്. തുടർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെ തൂമ്പാ തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വൻ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചതോടെ, പത്തു മീറ്ററോളം ദൂരം മനോജ് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മനോജിനെ ഇവിടെ നിന്നും രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് പൊലീസ് സംഘം എത്തിയിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്. ബോംബ് എത്തിയത് എങ്ങിനെ ആരു കൊണ്ടു വച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോൾ പൊലീസ് പരിശോധിക്കുന്നത്.