കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയുടെ ആത്മഹത്യ; അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച്ചയോ ? അടിസ്ഥാന സൗകര്യം, ജീവനക്കാരുടെ നിയമനം ഉള്‍പ്പെടെയുള്ള ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കാവുന്ന
സ്വന്തം ലേഖകൻ
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആവശ്യത്തിന് സുരക്ഷ ജീവനക്കാരെയുള്‍പ്പെടെ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്ക് പാഴ്വാക്കായി.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വ്യാഴാഴ്ച അന്തേവാസി ആത്മഹത്യ ചെയ്തു.
ഇതിലൂടെ വെളിവാകുന്നത് അധികൃതരുടെ ഗുരുതര വീഴ്ചയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം പോലും കുതിരവട്ടത്ത് നടപ്പായില്ല. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ മാസങ്ങള്‍ക്ക് മുൻപ് ഒരു അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യമന്ത്രി അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഒരുക്കുമെന്ന് പ്രസ്താവിച്ചിരുന്നു.
ആശുപത്രിയിലെ സുരക്ഷാവീഴ്ചയും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. ഇതിനിടെ, ആശുപത്രിയുടെ സമഗ്ര വികസനത്തിന് 400 കോടിരൂപയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായി.
എന്നാല്‍ മാസങ്ങള്‍ക്കിപ്പുറവും ആശുപത്രിയില്‍ ഒരു സുരക്ഷാക്രമീകരണവും ഇല്ലെന്നാണ് ഏറ്റവുമൊടുവില്‍ മഞ്ചേരി സ്വദേശി ആത്മഹത്യചെയ്ത സംഭവം അടിവരയിടുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് ആശുപത്രിയിലെത്തിച്ച നാല്‍പ്പത്തിരണ്ടുകാരനാണ് കര്‍ട്ടന്‍ തുണിയുപയോഗിച്ച് കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരുടെതുള്‍പ്പെടെ നോട്ടപ്പിഴവുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
അതായത് സെല്ലുകളുടെ മേല്‍നോട്ടത്തിന് ആളില്ലെന്ന് ചുരുക്കം. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ 432 അന്തേവാസികളുണ്ട്. ഇവര്‍ക്കായി 24 സെക്യൂരിറ്റി ജീവനക്കാരെങ്കിലും വേണമെന്നിരിക്കെ, നാലുപേര്‍ മാത്രമാണുളളത്. എട്ട് പാചകത്തൊഴിലാളികള്‍ക്ക് പകരമുളളത് രണ്ടുപേര്‍. സാര്‍ജന്റ് , തെറാപ്പിസ്റ്റ് തുടങ്ങിയ സ്ഥിരം തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
അടിയന്തിരമായി സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയതോടെ തീര്‍ന്നു. നിയമനക്കാര്യത്തില്‍ ഇനിയും സര്‍ക്കാര്‍ തീരുമാനമായില്ല. പലപ്പോഴും ശുചീകരണത്തൊഴിലാളികളാണ് സെക്യൂരിറ്റി ജീവനക്കാരുടെ ചുമതലകൂടി വഹിക്കുന്നത്.
എന്‍എച്ച്‌എം ഫണ്ട് ലഭ്യമല്ലാത്തതും കരാറടിസ്ഥാനത്തില്‍ ജോലിക്കെടുക്കുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ ആശുപത്രി വികസന സമിതിക്ക് പണമില്ലാത്തതുമാണ് തടസ്സമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരിക്കുമ്പോള്‍ നടപടികളുടനെന്ന പതിവ് മറുപടിയാണ് ആരോഗ്യവകുപ്പിന്‍റെത്.