
കുതിരാനിൽ എച്ച്.വി.ഡി.സി ലൈൻ കമീഷനിംഗ് ട്രയൽ റൺ : 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകൻ
തൃശൂർ : കുതിരാനിൽ 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം. സംസ്ഥാനത്തിന് 2000 മെഗാ വാട്ട് വൈദ്യുതി കൂടി കേന്ദ്ര പൂളിൽനിന്ന് ലഭിക്കാനുള്ള പുഗളൂർ-തൃശൂർ എച്ച്.വി.ഡി.സി ലൈൻ കമീഷനിംഗിന് മുന്നോടിയായുള്ള ട്രയൽ റൺ നടത്തുന്നതിനാൽ 28, 29 തീയതികളിൽ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജനുവരി 28, 29 തീയതികളിൽ എറണാകുളം ജില്ലയിൽ നിന്നും തൃശൂരിൽ നിന്നും കുതിരാൻ വഴി കടന്നു പോകേണ്ട മൾട്ടി ആക്‌സിൽ ട്രെയിലറുകൾ, ഫ്യൂവൽ ബുളളറ്റുകൾ, പത്തോ അതിൽ കൂടുതലോ ചക്രങ്ങൾ ഉളള വാഹനങ്ങൾ, 12 ടണ്ണിൽ അധികമുളള ഹെവി വാഹനങ്ങൾ എന്നിവ രാവിലെ അഞ്ച് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ അധികൃതർ തടയുന്നതാണ്. അഞ്ച് മണിക്ക് ശേഷം ഈ വാഹനങ്ങൾക്ക് ഇത് വഴി യാത്ര അനുവദിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ മണ്ണുത്തി-വടക്കാഞ്ചേരി-ചേലക്കര-പഴയന്നൂർ റൂട്ടിൽ വഴി തിരിച്ചു വിടും. പാസഞ്ചർ വാഹനങ്ങൾ, ട്രാൻസ്‌പോർട്ട് ബസുകൾ, അടിയന്തര-സർക്കാർ വാഹനങ്ങൾ എന്നിവ കുതിരാൻ വഴി തന്നെ യാത്ര ചെയ്യുന്നതിന് സൗകര്യം ക്രമീകരിക്കും. പ്രസ്തുത റൂട്ട് വഴിയുളള നീട്ടിവെയ്ക്കാവുന്ന യാത്രകൾ 28, 29 തീയതികളിൽ ഒഴിവാക്കാൻ കളക്ടർ അഭ്യർത്ഥിച്ചു.