
കടുത്തുരുത്തി: കുറുപ്പന്തറ കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. രണ്ട് സംസ്ഥാന പാതകള്‍ സംഗമിക്കുന്ന നാല്‍ക്കവലയിലാണ് യാത്രക്കാര്‍ ബുദ്ധിമുട്ടുന്നത്.
കവലയില്‍നിന്ന് 150 മീറ്റര്‍ ദൂരത്തില്‍ കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പ് കേന്ദ്രം ഉണ്ടെങ്കിലും ഇവിടെ ബസുകള്‍ കയറുന്നില്ല.
കുറുപ്പന്തറ കവലയില്‍ വികസനം സാധ്യമാകുന്നതോടെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കോട്ടയം-എറണാകുളം റോഡും പാലാ-കുറവിലങ്ങാട്-കല്ലറ-ആലപ്പുഴ റോഡും ഉള്‍പ്പെടെ പ്രധാന റോഡുകള്‍ കടന്നുപോകുന്ന നാല്‍ക്കവലയിലാണ് ഒരിടത്തുപോലും ബസ് കാത്തു നില്‍ക്കാന്‍ കേന്ദ്രങ്ങളില്ലാത്തത്.
കോട്ടയം, വൈക്കം, എറണാകുളം, പാലാ, കല്ലറ, ചേര്‍ത്തല, ആലപ്പുഴ, പിറവം, പെരുവ, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങളിലേക്കു വന്നുപോകുന്ന നൂറുകണക്കിനാളുകളാണ് ദിവസവും കുറുപ്പന്തറ കവലയിലെത്തുന്നത്. കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാര്യമായ നടപടികളുണ്ടായില്ല. പഞ്ചായത്ത് അധികൃതരോ മറ്റു ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പോ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ നാളിതുവരെ തയാറായിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ എംഎല്‍എയുടെയോ സര്‍ക്കാരിന്‍റെയോ ഫണ്ട് മാത്രമേ വിനിയോഗിക്കാനാകൂ. കുറുപ്പന്തറ കവല വികസനവുമായി ബന്ധപ്പെട്ട് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
കുറുപ്പന്തറയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയായ കവല വികസനത്തിനൊപ്പം ആധുനിക നിലവാരത്തിലുള്ള മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥാപിക്കുമെന്ന് മാഞ്ഞൂര്‍ പഞ്ചായത്ത് മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ പറഞ്ഞു.