കുറുപ്പന്തറയിലെ കെഎസ്‌ഇബി ഓഫീസിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഏണിയില്‍ നിന്ന് വീണു; കരാര്‍ തൊഴിലാളിയായ വെള്ളൂർ സ്വദേശിക്ക് പരിക്ക്; കെട്ടിടം വളരെ നാളുകളായി ശോച്യാവസ്ഥയിലാണെന്ന് പരാതി

Spread the love

കോട്ടയം: കുറുപ്പന്തറയിലെ കെഎസ്‌ഇബി അസിസ്റ്റന്റ് എൻജിനീയർ ഓഫീസിലെ മേല്‍ക്കൂര ചോർച്ച പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കരാർ തൊഴിലാളി ഏണിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു.

വെള്ളൂർ സ്വദേശിയും കരാർ ജീവനക്കാരനുമായ കെ.കെ. കുഞ്ഞുമോൻ (45) ആണ് അപകടത്തില്‍പ്പെട്ടത്.

മഴ കനത്തതോടെ സീലിങ്ങിന് മുകളിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയില്‍ നിന്ന് ഓഫീസിനുള്ളിലേക്ക് ശക്തമായി വെള്ളം ഒഴുകിയിരുന്നു. ഈ ചോർച്ച തടയാനായി കുഞ്ഞുമോൻ ഏണി ഉപയോഗിച്ച്‌ കയറി സീലിങ് നീക്കി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ തലയ്ക്കും മുഖത്തും കൈകളിലും സാരമായ പരിക്കേറ്റ അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ മുട്ടുചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറുപ്പന്തറ കെഎസ്‌ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന്റെ കെട്ടിടം വളരെ നാളുകളായി ശോച്യാവസ്ഥയിലാണ്. മേല്‍ക്കൂരയിലെ ചോർച്ച കാരണം മഴ പെയ്യുമ്പോള്‍ ഓഫീസിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാണ്.

വെള്ളിയാഴ്ചത്തെ ശക്തമായ മഴയില്‍ ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ വെള്ളം നിറഞ്ഞ സാഹചര്യത്തിലാണ് ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.