
കൂരോപ്പട കെ.എസ്.ഇ.ബി ഓഫിസിലെ കാഷ്യർ വാഹനാപകടത്തിൽ മരിച്ചു: അപകടം പാലക്കാട് നിന്നും കൂരോപ്പടയിലേയ്ക്ക് വരുന്നതിനിടെ
തേർഡ് ഐ ബ്യൂറോ
കോട്ടയം : ഓണാഘോഷത്തിന് ശേഷം വീട്ടിൽ നിന്ന് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിലിടിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാരൻ മരിച്ചു.
കൂരോപ്പട വൈദ്യുതി ബോർഡ് ഓഫീസിലെ കാഷ്യർ പാലക്കാട് ഒറ്റപ്പാലം വെട്ടിക്കാട്ട് പറമ്പിൽ ഡാനി ജോസ് (33) ആണ് തിങ്കളാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. പാലക്കാട് കോങ്ങാട് കേളശ്ശേരിയിലുള്ള ഭാര്യ പ്രീതയുടെ വീട്ടിൽ നിന്ന് ഓണസദ്യയും കഴിച്ചാണ് തിങ്കളാഴ്ച വൈകിട്ട് 7ന് കൂരോപ്പടയിലേക്ക് ബുള്ളറ്റിൽ പുറപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുമ്പാവൂർ ഒക്കൽ കാരക്കോട് വെച്ചാണ് രാത്രി 10.30 ന് അമിത വേഗതയിലെത്തിയ കാർ ബുള്ളറ്റിൽ ഇടിച്ച് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായ പരുക്കുകളോടെ നാട്ടുകാർ പെരുമ്പാവൂർ സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
ഭാര്യ: പ്രീത. മക്കൾ: നതാഷ (6), റെയാൻ (4). ഒറ്റപ്പാലത്ത് ഡാനി നിർമ്മിക്കുന്ന വീടിൻ്റെ ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു. ഏറെ ആഗ്രഹിച്ച് പണിതുയർത്തിയ വീട്ടിൽ താമസിക്കാൻ വിധി ഡാനിയെ അനുവദിച്ചില്ല.
കൂരോപ്പടയിലെ വൈദ്യുതി ഓഫീസ് ആരംഭിച്ചപ്പോൾ മുതൽ ഡാനി ജോസ് ആയിരുന്നു കാഷ്യർ.
പാമ്പാടി സബ്ബ് സ്റ്റേഷനിലെ ക്വാർട്ടേഴ്‌സിൽ ആയിരുന്നു താമസം.വ്യാഴാഴ്ചയാണ് പാലക്കാട്ടേയ്ക്ക് പോയത്. ചൊവ്വാഴ്ച ജോലിയിൽ പ്രവശിക്കുന്നതിന് വേണ്ടി കൂരോപ്പടയിലേക്ക് വരുമ്പോഴായിരുന്നു അപകടം.