മൂന്നാം നമ്പർ കോടതിയിൽ നിന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങി, നാളെ വിരമിക്കും; സുപ്രീംകോടതിയിലെ സൗമ്യതയുടെ മുഖം
സ്വന്തം ലേഖകൻ
ഡൽഹി: സുപ്രീംകോടതിയിലെ സൗമ്യതയുടെ മുഖമായ ജസ്റ്റിസ് കുര്യൻ ജോസഫ് നാളെ വിരമിക്കും. സുപ്രീംകോടതി കൊളീജിയത്തിലെ മൂന്നാമൻ ആയ ജസ്റ്റിസ് കുര്യൻ ജോസഫിന് ഇന്ന്് മൂന്നാം നമ്പർ കോടതിയിലെ അവസാന ദിനം ആയിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്ക് ഒപ്പം ആയിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് മൂന്നാം നമ്പർ കോടതിയിൽ കേസ്സുകൾ കേട്ടിരുന്നത്. മുപ്പത്തിമൂന്ന് കേസ്സുകൾ ആയിരുന്നു ഇന്ന് മൂന്നാം നമ്പർ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്. മൂന്ന് മണിയോടെ ലിസ്റ്റ് ചെയ്ത കേസ്സുകൾ ഒക്കെ ജസ്റ്റിസ് കുര്യൻ ജോസഫും ജസ്റ്റിസ് ഹേമന്ത് ഗുപ്തയും അടങ്ങുന്ന ബെഞ്ച് തീർപ്പാക്കി. അതിന് ശേഷം വികാര നിർഭരം ആയ യാത്ര അയപ്പായിരുന്നു.
മുൻ നിരയിൽ ഉണ്ടായിരുന്ന സീനിയർ അഭിഭാഷകൻ പരംജിത്ത് സിംഗ് പട്ട്വാലിയ ആയിരുന്നു ആദ്യം സംസാരിച്ചത്. തുടർന്ന് മറ്റ് ചില അഭിഭാഷകരും. മൂന്നാം നമ്പർ കോടതിയിലെ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അവസാന നിമിഷങ്ങൾ കാണാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സീനിയർ അഭിഭാഷകനും ആയ ആർ ബസന്തും ഇന്ന് കോടതിയിൽ എത്തിയിരുന്നു. ആശംസ പ്രസംഗം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കുര്യൻ ജോസഫ് മുഖത്ത് നിന്ന് കണ്ണാടി മാറ്റി കണ്ണ് തുടച്ചു. എല്ലാം കേട്ട ശേഷം ജസ്റ്റിസ് കുര്യൻ ജോസഫ് എല്ലാവരോടും ആയി നന്ദി പറഞ്ഞു. തുടർന്ന് ഉണ്ടായിരുന്ന ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്ക് ഒപ്പം എണീറ്റു. ഒരു ചെറിയ ചിരിയോടെ കൂപ്പ് കൈ. തുടർന്ന് കോടതി മുറിക്ക് പുറത്തേക്ക്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം നമ്പർ കോടതിയിൽ നിന്നായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ് പടിയിറങ്ങേണ്ടിയിരുന്നത് എങ്കിലും ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് അവസാനമായി കേസ് കേട്ടത് രണ്ടാം നമ്പർ കോടതിയിൽ ആയിരുന്നു. മൂന്ന് മണി മുതൽ ജസ്റ്റിസ് മദൻ ബി ലോക്കൂറും ജസ്റ്റിസ് കുര്യൻ ജോസഫും അടങ്ങുന്ന സ്‌പെഷ്യൽ ബെഞ്ച് രണ്ടാം നമ്പർ കോടതിയിൽ ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു കേസിൽ വാദം കേട്ടിരുന്നു. നാളെ ചീഫ് ജസ്റ്റിസ് കോടതിയിൽ ആകും ജസ്റ്റിസ് കുര്യൻ ജോസഫിന്റെ അവസാന പ്രവർത്തി ദിനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവർക്ക് ഒപ്പം ഏഴ് കേസ്സുകൾ കേൾക്കും. തുടർന്ന് ഒന്നാം നമ്പർ കോടതിയിൽ നിന്ന് പടിയിറക്കം. വൈകിട്ട് സുപ്രീം കോർട്ട് ബാർ അസോയിസേഷൻ നൽകുന്ന യാത്ര അയപ്പ്. ജഡ്ജി എന്ന നിലയിൽ കുര്യൻ ജോസഫിന്റെ അവസാന ഔദ്യോഗിക പരിപാടി അതാകും.