
കുറിച്ചിയിൽ അജ്ഞാത വാഹനത്തിൽ എത്തിയ സംഘം യുവാവിനെ ‘തട്ടിക്കൊണ്ടു പോയി’: തട്ടിക്കൊണ്ടു പോയത് മുറുക്കാൻ കട ഉടമയായ യുവാവിനെ; മണിക്കൂറുകൾ നീണ്ട ആശങ്കകൾ നീങ്ങിയത് സത്യം പുറത്തു വന്നപ്പോൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുറിച്ചിയിൽ അജ്ഞാത വാഹനത്തിലെത്തിയ സംഘം മുറുക്കാൻ കട നടത്തുകയായിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി. സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കൊടുവിൽ സത്യം അറിഞ്ഞതോടെ പ്രതികരണ ശേഷിയ്ക്കായി എത്തിയ നാട്ടുകാർ ചമ്മി..! ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ കുറിച്ചി ബോർമ്മക്കവലയിലായിരുന്നു സംഭവങ്ങൾ.
ഇവിടെ മുറുക്കാൻകടയിലെ ഉടമയായ യുവാവിനെയാണ് കാറിലെത്തിയ സംഘം സിനിമാ സ്‌റ്റെലിൽ വലിച്ച് അകത്തിട്ട് കൊണ്ടു പോയത്. ഓടിയെത്തിയ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അജാനുബാഹുക്കളായ സംഘാംഗങ്ങൾ ചേർന്ന് തടഞ്ഞതോടെ തടയാനെത്തിയ നാട്ടുകാർ പിൻതിരിഞ്ഞു. ഈ സമയം കൊണ്ട് യുവാവിനെ വലിച്ച് വണ്ടിയ്ക്കുള്ളിൽ ഇട്ട ശേഷം സംഘം അതിവേഗം വണ്ടിയോടിച്ച് പോയി. ഇതോടെ നാട്ടുകാർ പ്രദേശത്ത് സംഘടിച്ചു.
യുവാവിനെ കൊണ്ടു പോയത് ആരാണെന്നും, കണ്ടെത്തണമെന്നുമാവശ്യപ്പെട്ടായി പ്രതിഷേധം. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തി. ഓടിക്കൂടിയ നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ രണ്ടു വണ്ടി പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ചിങ്ങവനം എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യം വ്യക്തമായത്. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി മറ്റൊരു പൊലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തതാണെന്നു ചിങ്ങവനം പൊലീസ് കണ്ടെത്തി. തുടർന്ന ചർച്ച നടത്തിയെങ്കിലും നാട്ടുകാർ ഇപ്പോഴും പ്രദേശത്ത് തമ്പടിച്ചു നിൽക്കുന്നത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കിയിട്ടുണ്ട്.