ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മന്ത്രിക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.
മധ്യപ്രദേശിലെ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രി വിജയ് ഷായാണ് സൈനിക ഉദ്യോഗസ്ഥയെ അധിക്ഷേപിച്ച് വെട്ടിലായത്. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ച് ‘തീവ്രവാദികളുടെ സഹോദരി’ എന്ന് സോഫിയ ഖുറേഷിയെ മന്ത്രി വിശേഷിപ്പിച്ചത് രാജ്യത്ത് വലിയ വിവാദമായിരുന്നു. കേസില്‍ മന്ത്രിക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സുപ്രീം കോടതിയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
മന്ത്രിയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്.
ഭരണഘടന പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ പ്രസ്താവനകളില്‍ സംയമനം പാലിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ഓര്‍മ്മിപ്പിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാനും ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ വിവേകം കാണിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് മന്ത്രി ഉന്നത സൈനിക ഉദ്യോഗസ്ഥയെ അപമാനിച്ച് പ്രസംഗിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദമാകുകയും കോണ്‍ഗ്രസ് ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിക്കെതിരെ രംഗത്ത് വരികയും ചെയ്തു. വിഷയത്തില്‍ സ്വമേധയാ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇന്‍ഡോറിലെ മാന്‍പൂര്‍ പൊലീസ് ആണ് മന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും വിജയ് ഷായ്‌ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പൊലീസ് കേസ് എടുത്തതിനെതിരെ മന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ചീഫ് ജസ്റ്റിസ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. സൈനിക ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും മന്ത്രിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഹൈക്കോടതി അമിതാധികാരം പ്രയോഗിച്ചുവെന്ന് അഭിഭാഷകര്‍ പറഞ്ഞു.
സംഭവത്തില്‍ വിജയ് ഷാ മാപ്പ് പറഞ്ഞതായി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വാദങ്ങളെല്ലാം കേട്ട സുപ്രീം കോടതി മന്ത്രിയോട് ഹൈക്കോടതി പോയി മാപ്പ് പറയാനാണ് ആവശ്യപ്പെട്ടത്.
‘എന്തൊക്കെ അഭിപ്രായങ്ങളാണ് നിങ്ങള്‍ പറയുന്നത്. കുറച്ചെങ്കിലും സംയമനം പ്രകടിപ്പിക്കണം. ഹൈക്കോടതിയില്‍ പോയി മാപ്പ് പറയണം. രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന ദുര്‍ഘട സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ല’ – ഇതായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.
വിജയ് ഷായുടെ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ നിയമ പ്രകാരം കുറ്റകൃത്യങ്ങളാണെന്നും സാമുദായിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം നാളെ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി നാളെ പരിഗണിക്കുന്നുണ്ട്.
സൈനിക മേധാവികളും പ്രതിപക്ഷ പാര്‍ട്ടികളും മന്ത്രി വിജയ് ഷായുടെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു വിജയ് ഷായെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു