കുന്നത്ത്കളത്തിലിനു പിന്നാലെ നഗരത്തിൽ വൻ ചിട്ടി തട്ടിപ്പ്: ഇടപാടുകാരെയും സർക്കാരിനെയും പറ്റിച്ച് കുന്നത്തിൽ കുറീസ്

കുന്നത്ത്കളത്തിലിനു പിന്നാലെ നഗരത്തിൽ വൻ ചിട്ടി തട്ടിപ്പ്: ഇടപാടുകാരെയും സർക്കാരിനെയും പറ്റിച്ച് കുന്നത്തിൽ കുറീസ്

സ്വന്തം ലേഖകൻ

കോട്ടയം: സാധാരണക്കാരെ കബളിപ്പിച്ച് നൂറു കോടിയ്ക്ക് മുകളിൽ തട്ടിയെടുത്ത കുന്നത്ത് കളത്തിലിനു പിന്നാലെ നഗരമധ്യത്തിൽ വീണ്ടും ചിട്ടിതട്ടിപ്പ്. നഗരത്തിൽ തിരുനക്കരയിൽ പ്രവർത്തിക്കുന്ന കുന്നത്തിൽ കുറീസ് ചിട്ടി ചേർന്ന യുവാവിന് അടച്ച പണം തിരികെ കൊടുക്കുന്നില്ലന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കുന്നത്ത്കുറീസിൽ 2014 ൽ ചേർന്ന ചിട്ടിയുടെ തുകയാണ് വട്ടമെത്തിയിട്ടും തിരികെ നൽകാൻ കുറിക്കമ്പനി അധികൃതർ തയ്യാറാകാത്തത്. 2014ൽ ചേർന്ന ചിട്ടിയിൽ ആകെ അഞ്ച് തവണകളാണ് ഇദ്ദേഹം അടച്ചത്. ഇതിൽ ഒരു തവണ തുക അടച്ചില്ലെന്ന് ചിട്ടിക്കമ്പനി പറഞ്ഞതോടെയാണ് തർക്കം ആരംഭിച്ചത്. അടച്ച തുകയുടെ രസീത് ഇടപാടുകാരന്റെ കൈവശമുണ്ടായിട്ടും തുക അടച്ചില്ലെന്ന് കമ്പനി നിലപാട് എടുത്തു. ഇതോടെ പണം പിരിച്ച ഏജന്റ് ചിട്ടിക്കമ്പനിയിൽ പിരിച്ചെടുത്ത തുക അടച്ചില്ലെന്നായി കമ്പനിയുടെ വാദം. ഇതേ തുടർന്ന് ചിട്ടിയുടെ തുക പാസ് ബുക്കിൽ വരവ് വച്ച് നല്കിയില്ല. ഇതോടെ ഇടപാടുകാരൻ പിന്നീടുള്ള തവണകൾ അടയ്ക്കാതായി. എന്നാൽ ചിട്ടി വട്ടമെത്തിയതിനു ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടും അടച്ച തുക വരിക്കാരന് തിരികെ നല്കിയിട്ടില്ല, എന്നാൽ തുക തിരികെ നല്കി എന്ന് വ്യാജമായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് സബ് രജിസ്ട്രാരുടെ പേരിൽ ട്രഷറിയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുക കുന്നത്തിൽ കുറീസ് പിൻ വലിച്ചതായി രജിസ്‌ട്രേഷൻ ഓഫീസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതിലൂടെ സർക്കാരിനെയും ചിട്ടി വരിക്കാരനേയും ഒരു പോലെ വഞ്ചിച്ച കുന്നത്തിൽ കുറീസിന്റെ ഉടമയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ,സംസ്ഥാന പോലീസ് മേധാവി, രജിസ്‌ട്രേഷൻ ഐ ജി ,ജില്ലാ രജിസ്ട്രാർ എന്നിവർക്ക് ഇടപാടുകാരനായ യുവാവ് പരാതി നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ കുറിതട്ടിപ്പിലൂടെ നിരവധി ആളുകളെ കുന്നത്ത്ചിട്ടി അധികൃതർ കബളിപ്പിച്ചിട്ടുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.