
കോഴിക്കോട് : അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വന്‍ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. വീട് വാടകയ്ക്ക് എടുത്ത മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രി ഉണ്ടായ പൊട്ടിത്തെറിയിൽ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു. രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്.
മാസങ്ങൾക്ക് മുൻപാണ് മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവാണ് ഇവിടെ വീട് വാടകയ്ക്ക് എടുത്തത്. ഇയാളും ഭാര്യയും ഉൾപ്പെടെ 5 പേർ അപകട സമയം വീട്ടിലുണ്ടായിരുന്നു. അനധീകൃതമായി വലിയ തോതിൽ വീട്ടിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നു. വിഷുവിന് മുന്നോടിയായുള്ള പടക്ക നിർമ്മാണ പ്രവർത്തിക്ക്
ലൈസൻസ് ഉൾപ്പെടെ യാതൊരുവിധ അനുമതികളും ഉണ്ടായിരുന്നില്ല. പൊട്ടിത്തെറി എങ്ങനെ ഉണ്ടായി, ഇത്രയധികം വെടിമരുന്നുകളും സ്ഫോടക വസ്തുക്കളും ഇവർക്ക് എങ്ങനെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിൽ കുന്ദമംഗലം പോലീസ് വിഷ്ണുവിൻ്റെ പേരിൽ കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിഷ്‌ണുവിനെ കസ്റ്റഡിയിൽ എടുത്തു. പൊട്ടിത്തെറി ഉണ്ടാകുമ്പോൾ താൻ വീടിന് പുറത്തായിരുന്നു എന്നാണ് വിഷ്ണുവിന്റെ മൊഴി.
ഇയാളുടെ സഹോദരൻ രാഹുൽ , ഭാര്യാ സഹോദരൻ രാഹുൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, സുഹൃത്ത് ഹിജിത്ത് എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറിയിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
എന്നാൽ ഇവർക്ക് പടക്ക നിർമ്മാണമുള്ള കാര്യം അറിഞ്ഞിരുന്നില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ രാത്രി തന്നെ പടക്കങ്ങളും മറ്റും നിർവീര്യമാക്കിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് ഇന്ന് വിദഗ്ധ പരിശോധന നടത്തി.



