
കൊച്ചി: തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സർക്കാർ, എയ്ഡഡ് എൽപി, യുപി സ്കൂളുകളിൽ പഠിക്കുന്ന 7081 കുട്ടികൾക്കായി ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. പിടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബിപിസിഎല്ലിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവിൽ, 165 അധ്യയനദിനങ്ങൾക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര’ എന്നാണ് പേര്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
“വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം ഇപ്പോൾ ജയിലുകളിൽ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ മുൻഗണന വേണം. കുട്ടികൾക്ക് പോഷകാഹാരമുള്ള പ്രഭാതഭക്ഷണം നൽകുന്ന ‘സുഭിക്ഷം തൃക്കാക്കര’ പദ്ധതി ഏറ്റവും മാതൃകാപരമായൊരു തുടക്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷം, കുഞ്ചാക്കോ ബോബൻ ഉമാ തോമസ് എംഎൽഎയയോടും കുട്ടികളോടും കൂടെ ഭക്ഷണം കഴിച്ച് പരിപാടിയിൽ പങ്കുചേർന്നു. ഉമാ തോമസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ, ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, എറണാകുളം വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോൾ, ഡിവിഷൻ കൗൺസിലർ പയസ് ജോസഫ്, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ, പിടിഎ ഭാരവാഹികൾ, ജനപ്രതിനിധികൾ, ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group