
കൊച്ചി: ഏറെ ഇഷ്ടപ്പെടുന്ന കമല്‍ഹാസനെ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകളും നടിയുമായ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി.
കുഞ്ഞായിരിക്കുമ്പോള്‍ താൻ വാശിപ്പിടിച്ച് കരഞ്ഞിരുന്ന സമയത്ത് തന്നെ എടുത്തുകൊണ്ട് നടന്നയാളാണ് കമല്‍ഹാസനെന്നും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ ലഭിച്ച സമയത്തിന് എന്നും നന്ദിയുള്ളവളായിരിക്കുമെന്നും തേജാലക്ഷ്മി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ഉർവശിക്കൊപ്പം ചെന്നൈയിലെ കമല്‍ഹാസന്‍റെ ഓഫീസിലായിരുന്നു ഇവർ തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
വൈകാരിക കുറിപ്പോടെയാണ് തേജലക്ഷ്മി ഉർവശിക്കും കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്‍റെ അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാൻ കരയാതിരിക്കാനായി കമല്‍ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷം 2025, സൈമ അവാർഡ്സ് (SIIMA Awards). ഞാൻ എന്‍റെ അമ്മയുടെ അടുത്താണ് ഇരിക്കുന്നത്, അമ്മയുടെ തൊട്ടരികിലായി കമല്‍ സാറും. അമ്മയ്ക്കും സ്റ്റേജില്‍ കയറേണ്ട തിരക്കുകള്‍ ഉണ്ടായിരുന്നതുകൊണ്ട്, എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്താൻ മറന്നുപോയി.
ഓരോ നിമിഷവും ഞാൻ അദ്ദേഹത്തെ ഒളിഞ്ഞുനോക്കുകയും, എങ്ങനെ അടുത്തുചെന്ന് ഒരു ഹായ് പറയുമെന്ന് മനസില്‍ കണക്കുകൂട്ടുകയുമായിരുന്നു.
സത്യം പറഞ്ഞാല്‍, എന്തുകൊണ്ടോ എനിക്ക് വല്ലാത്ത പേടിയായിരുന്നു. അദ്ദേഹത്തിന് തിരക്കുകള്‍ കാരണം പരിപാടിയില്‍ നിന്ന് നേരത്തെ പോകേണ്ടിയും വന്നു. അന്ന് ഞാൻ ശരിക്കും കരഞ്ഞുപോയി.
അമ്മയോട് പറഞ്ഞു, ‘എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലമ്മേ, ഒരു ഹായ് പോലും പറയാൻ പറ്റിയില്ല. അദ്ദേഹം തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും ഞാൻ വെറുതെ നോക്കിയിരുന്നു. എനിക്കിപ്പോള്‍ വല്ലാത്ത കുറ്റബോധം തോന്നുന്നു. എനിക്ക് പേടിയായിരുന്നു’.
അമ്മ പറഞ്ഞു, ‘സാരമില്ല മോളേ, വിഷമിക്കേണ്ട. അദ്ദേഹത്തിന് നിന്നെ ഓർമ്മയുണ്ടാകും, നമുക്ക് എന്തായാലും ഒരു ദിവസം അദ്ദേഹത്തിന്‍റെ ഓഫീസില്‍ പോയി കാണാം’. ആ നിമിഷം മുതല്‍, അദ്ദേഹത്തെ ഉടൻ കാണാൻ കഴിയണേ എന്നും, അമ്മ പറഞ്ഞ’ ആ ഒരു ദിവസം’വേഗം വരണേ എന്നും ഞാൻ എല്ലാ ദിവസവും പ്രാർഥിക്കാൻ തുടങ്ങി.
ഒടുവില്‍ ആ ദിവസം വന്നെത്തി!! എന്‍റെ സന്തോഷത്തിനും നന്ദിക്കും അതിരുകളില്ലായിരുന്നു. പത്ത് മിനിറ്റില്‍ താഴെ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടുള്ളൂ. പക്ഷേ ആ പത്ത് മിനിറ്റുകള്‍ പത്ത് വർഷം പോലെയാണ് എനിക്ക് തോന്നിയത്. അതെനിക്ക് എല്ലാമെല്ലാമായിരുന്നു. എല്ലാത്തിനുമുപരി, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളായി മാറി.
ശരിയായ സമയമാകുമ്പോള്‍ ജീവിതം എത്ര മനോഹരമായാണ് ഓരോ വൃത്തങ്ങളും പൂർത്തിയാക്കുന്നത്. ഈ ജീവിതത്തോട് ഞാനെന്തിന് എപ്പോഴും നന്ദിയുള്ളവളായിരിക്കണം എന്ന് ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍’. തേജാലക്ഷ്മി കുറിച്ചു.




