
മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു.
കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിൻ്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളല്ലേ. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്നമാണ്. ഒരു വശത്ത് ഗവർണറുടെ കാവി വൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.
ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് ആവശ്യം ലീഗ് അറിഞ്ഞിട്ടില്ല. ചാനലിൽ വന്നപ്പോഴാണ് ഞങ്ങൾ തന്നെ അറിഞ്ഞത്. ശശി തരൂർ വിഷയത്തിൽ യുഡിഎഫ് അഭിപ്രായം പറയേണ്ട സഹചര്യമില്ല. കോൺഗ്രസ് തന്നെ തീരുമാനിക്കട്ടെ. ഉരുൾപൊട്ടൽ പുനരധിവാസത്തിനായി വാങ്ങിയ ഭൂമി സംബന്ധിച്ച് ഒരു പ്രശ്നവും ഇല്ല. ഭൂമി ഉടൻ അവകാശികൾക്ക് രജിസ്റ്റർ ചെയ്തു നൽകും. ലീഗ് അത് പബ്ലിഷ് ചെയ്യും. വീട് നിർമാണത്തിനുള്ള അപേക്ഷ അടുത്ത ദിവസം തന്നെ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിത്തുടങ്ങുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.