play-sharp-fill
ശബരിമല സമരം: നിലയ്ക്കൽ സമരനായകനെ ഏൽപിക്കാൻ ആർ.എസ്.എസ്. ആലോചന: തിരിച്ചുവരവ് അതികായനായി; തീരുമാനം ഉടൻ

ശബരിമല സമരം: നിലയ്ക്കൽ സമരനായകനെ ഏൽപിക്കാൻ ആർ.എസ്.എസ്. ആലോചന: തിരിച്ചുവരവ് അതികായനായി; തീരുമാനം ഉടൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനസമരം കൈകാര്യം ചെയ്യാൻ മുൻ ബി.ജെ.പി അദ്ധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ ഏൽപ്പിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള പരാജയമാണെന്നാണ് ആർ.എസ്.എസിന്റെ വിലയിരുത്തൽ. കുമ്മനത്തിന് എൻ.ഡി.എ ചെയർമാൻ സ്ഥാനമോ കേന്ദ്രപദവികളോ നൽകി കേരളത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള സാധ്യതകൾ ബി.ജെ.പി കേന്ദ്രങ്ങൾ തള്ളിക്കളയുന്നുമില്ല. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ശക്തമായ സമ്മർദ്ദമാണ് ആർ.എസ്.എസ് ചുമത്തുന്നതെന്നും വിവരമുണ്ട്.

ആറന്മുള സമരവും ശബരിമലയിൽ തന്നെ നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിലും കുമ്മനം നടത്തിയ ക്രിയാത്മകമായ ഇടപെടലുകൾ ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം അനുകൂലമാകാൻ കുമ്മനത്തിന്റെ സാന്നിധ്യം കേരളത്തിൽ അനിവാര്യമാണെന്നാണ് ആർ.എസ്.എസ് നിലപാട്. നിലവിൽ പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും അധികാര പിടിവലികളും കുമ്മനത്തിന്റെ വരവോടെ ഇല്ലാതാകുമെന്ന വിലയിരുത്തൽ കേന്ദ്ര നേതൃത്വത്തിനുമുണ്ട്. അതിനാൽ തന്നെ ഈ മാസത്തിന്റെ പകുതിയിലോ അടുത്ത മാസമോ കുമ്മനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി, ആർ.എസ്.എസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. മിസോറാമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കുമ്മനം അതികായനായി കേരളത്തിലേക്ക് തിരിച്ചു വരുമെന്നാണ് സൂചന. നിലവിലെ അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ മാറ്റാതെ കുമ്മനത്തിന് എൻ.ഡി.എ കൺവീനർ സ്ഥാനമോ കേന്ദ്രപദവികളോ നൽകാനാണ് ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയ സാധ്യതയുള്ള ഒരു സീറ്റിൽ നിന്നും കുമ്മനത്തെ മത്സരിപ്പിച്ചേക്കുമെന്നും വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group