
കുമ്പള: മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങൾ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാൽ വിദ്യാർഥിനി എലിവിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ.
കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തിൽ എം.ഡി. പൂജ (17) ആണ് മരിച്ചത്. മംഗളൂരുവിൽ പി.യു.സി. വിദ്യാർഥിനിയായിരുന്നു. ബുധനാഴ്ച വൈകീട്ട് താൻ എലിവിഷം കഴിച്ചതായി വീട്ടുകാരോട് പറഞ്ഞിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല.
ഇടയ്ക്കിടെ എലിവിഷത്തിന്റെ കാര്യം പറഞ്ഞ് ആത്മഹത്യാഭീഷണി മുഴക്കുന്നതിനാലായിരുന്നു വീട്ടുകാർ ഗൗരവത്തിലെടുക്കാതിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഏറെ വൈകി പെൺകുട്ടി അവശയായതോടെയാണ് ദേർളക്കട്ടയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. കുറച്ചുദിവസം മുൻപ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽഫോണിന്റെ ഡിസ്‌പ്ലേ തകരാറിലായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് പെട്ടെന്ന് പണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇത് മനോവിഷമത്തിനിടയാക്കിയെന്ന് കരുതുന്നു. അസ്വാഭാവിക മരണത്തിന് കുമ്പള പോലീസ് കേസെടുത്തു.
പിതാവ്: കളത്തൂർ ദാമോദരൻ. മാതാവ്: ഗിരിജ. സഹോദരൻ: മനീത്



