
കുമരകത്തിന്റെ തെക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം; വേനൽ കടുത്തതോടെ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിൽ; പ്രധാനപ്പെട്ട ജലസ്രോതസ്സുകളും കിണറുകളും വറ്റിവരണ്ട അവസ്ഥയിൽ; ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളം പലയിടങ്ങളിലും നിലച്ചു; ചൂട് കൂടുന്നതിനാൽ കുട്ടികൾക്ക് ഉൾപ്പെടെ രോഗം വരുമോയെന്ന ആശങ്കയും;പഞ്ചായത്ത്, ജല അതോറിറ്റി അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ
കുമരകം: കുമരകത്തിന്റെ തെക്കന്‍ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിൽ. പ്രധാനപ്പെട്ട ജലസ്രോതസ്സുകളും കിണറുകളും വറ്റിവരണ്ട അവസ്ഥയിലാണ്. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ ലഭിക്കുന്ന കുടിവെള്ളം പലയിടങ്ങളിലും നിലച്ചു.
മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് അൽപം വെള്ളം ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊതുടാപ്പുകളിൽ കുടിവെള്ളത്തിനായി കാത്തുനിൽക്കുന്നവരുടെ നീണ്ടനിര പ്രദേശത്തെ പലയിടങ്ങളിലും കാണാൻ സാധിക്കും. വെള്ളം എത്തിക്കുന്ന നടപടികളും എങ്ങും എത്തിയില്ല.
വേനൽ കടുക്കുംമുമ്പ് കുടിവെള്ളം ലഭ്യമാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർക്കും ജല അതോറിറ്റിക്കും നിരവധി പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന് മാത്രം. കുടിവെള്ളം ലഭിക്കാത്തിനാൽ മറ്റ് ജലസ്രോതസ്സുകളെ ആശ്രയിക്കുന്നത് രോഗങ്ങൾ പിടിപെടാൻ കാരണമാകുമോയെന്ന ആശങ്കയും നാട്ടുകാരിലുണ്ടാക്കുന്നു. കുടിവെള്ളം കിട്ടാക്കനിയായി മാറിയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ചുറ്റിനും വെള്ളമുണ്ടെങ്കിലും ഒരുതുള്ളി കുടിക്കാനില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി വിനോദസഞ്ചാരികൾ വരുന്ന ഈ പ്രദേശത്ത് ഹോം സ്റ്റേകളും അനവധിയാണ്.
ഇവിടങ്ങളിൽ എത്തുന്നവർക്കും ശുദ്ധജലം കൊടുക്കാൻ സാധിക്കുന്നില്ലെന്ന് ഈ മേഖലയിലുള്ളവരും പരാതിപ്പെടുന്നു. കുടിവെള്ള പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. കുടിവെള്ളം എത്രയും വേഗം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്‍റ് സി.ജെ. സാബു നേതൃത്വം നല്‍കി.
കുടിവെള്ള പ്രശ്നം പരിഹരിക്കാൻ പഞ്ചായത്ത്, ജല അതോറിറ്റി അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ചൂട് വർധിക്കുന്നതിനാൽ കുട്ടികൾക്കുൾപ്പെടെ രോഗം വരുമോയെന്ന ആശങ്കയും അവർ പ്രകടിപ്പിക്കുന്നു.