
കുമാരനല്ലൂരിൽ വീണ്ടും മോഷണം: എസ്.എൻ.ഡി.പി ശാഖയുടെ കാണിക്കവഞ്ചി കുത്തിത്തകർത്തു മോഷണം; മോഷണം നടന്നത് ബീറ്റ് പൊലീസ് ബുക്ക് വച്ച ക്ഷേത്രത്തിൽ
ക്രൈം ഡെസ്‌ക്
കുമാരനല്ലൂർ: ഒരു മാസത്തിനിടെ പത്താം തവണയും കുമാരനല്ലൂരിൽ വീണ്ടും മോഷണം. കുമാരനല്ലൂർ പെരുമ്പായിക്കാട് സംക്രാന്തിയിൽ എസ്.എൻ.ഡി.പി ശാഖയുടെ കാണിക്കവഞ്ചിയാണ് കുത്തിത്തകർത്ത് മോഷണം നടത്തിയത്. എന്നാൽ, കുറച്ചു ദിവസം മുൻപ് മാത്രം കാണികവഞ്ചി തുറന്ന് അധികൃതർ പണം എടുത്തിരുന്നതിനാൽ കാര്യമായ പണം ഉണ്ടായിരിക്കില്ലെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച രാവിലെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഭക്തയാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ ക്ഷേത്രം കമ്മിറ്റി അംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചത്.
കാണിക്കവഞ്ചിയുടെ പൂട്ട് കുത്തിത്തുറന്നിരിക്കുകയാണ് പ്രതി. തുടർന്ന് ഇതിനുള്ളിലുണ്ടായിരുന്ന പണം മുഴുവൻ എടുത്തതായാണ് ലഭിക്കുന്ന സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിലെ വരാന്തയിൽ വിളക്കുകൾ അടക്കം കാൽലക്ഷത്തോളം രൂപയുടെ സാധനങ്ങളുണ്ടായിരുന്നു. ഈ സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. ഈ സാഹചര്യത്തിൽ മോഷണം നടത്തിയത് പ്രഫഷണൽ മോഷ്ടാവാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ.
ഇതിനിടെ പൊലീസിന്റെ ബീറ്റ് പരിശോധനാ സംഘം എല്ലാ ദിവസവും എത്തി ഒപ്പു വയ്ക്കുന്നതിനു ബീറ്റ് ബുക്ക് ഇവിടെ വച്ചിട്ടുണ്ട്. എന്നാൽ, ഈ ബീറ്റ് ബുക്കിൽ ഒരു ഘട്ടത്തിൽ പോലും ഒപ്പിടാൻ പൊലീസ് സ്ഥലത്ത് എത്തുന്നില്ലെന്നതാണ് വ്യക്തമാകുന്നത്. ഒരു ദിവസം പോലും പൊലീസ് ഇവിടെ എത്തുകയോ ബീറ്റ് ബുക്ക് പരിശോധിക്കുകയോ ക്ഷേത്രത്തിൽ പരിശോധന നടത്തുകയോ ചെയ്യാറില്ലെന്നും ക്ഷേത്രം അധികൃതരും നാട്ടുകാരും ആരോപിക്കുന്നു.