play-sharp-fill
അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിനുള്ളിൽ രക്തം; ക്ഷേത്രം അശുദ്ധമായെന്ന് തന്ത്രി;  കുമാരനല്ലൂരിൽ ബുധനാഴ്ച ശുദ്ധി കലശം

അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിനുള്ളിൽ രക്തം; ക്ഷേത്രം അശുദ്ധമായെന്ന് തന്ത്രി;  കുമാരനല്ലൂരിൽ ബുധനാഴ്ച ശുദ്ധി കലശം

സ്വന്തം ലേഖകൻ
കോട്ടയം: അസ്വാഭാവികമായ സാഹചര്യത്തിൽ ക്ഷേത്രത്തിൽ രക്തം വീണതിനെ തുടർന്ന് കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ശുദ്ധി കലശം നടക്കും.  ക്ഷ്രേതത്തിലെ നാലമ്പലത്തിനുള്ളിൽ രക്തം വീണ് അശുദ്ധിയായതിനേത്തുടർന്നാണ് പരിഹാരമായി ദ്രവ്യകലശം നടത്തുന്നത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഒരു ഭക്തൻ തല ചുറ്റി വീണു. ഇതേ തുടർന്ന് ക്ഷേത്രത്തിലെ ബലിക്കല്ലുകളിൽ ഒന്നിൽ തലയടിച്ച് ഇദ്ദേഹത്തിന് പരിക്കേറ്റു. തലയിൽ നിന്ന് രക്തം വാർന്ന് ക്ഷേത്രത്തിനുള്ളിൽ ഒഴുകുകയും ചെയ്തു. ഇതേ തുടർന്ന് ക്ഷേത്രം അശുദ്ധിയായെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ, ഈ  വിവരം തന്ത്രിയെ അറിയിച്ചിരുന്നില്ല. ദേവസ്വം അധികൃതർ ഇത് മറച്ചു വയ്ക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് ജീവനക്കാർ തന്നെ തന്ത്രിയെ വിവരമറിയിക്കുകയും ചെയ്തു.
ക്ഷേത്രം അശുദ്ധിയായി പൂജകൾ നടന്നതിനാൽ പ്രായശ്ചിത്തമായി നവീകരണ പ്രായശ്ചിത്ത ഹോമവും ദ്രവ്യകലശവും നടത്തണമെന്ന് തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി നിർദേശിച്ചു. ഇതു സംബന്ധിച്ചുള്ള കത്ത് തന്ത്രി ദേവസ്വത്തിന് അയക്കുകയും ചെയ്തു. തന്ത്രിയുടെ കത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതിനെ തുടർന്നാണ് ദ്രവ്യകലശം നടത്താൻ തീരുമാനമായത്.