തിരുവനന്തപുരത്തേയ്ക്ക് കുമ്മനം വരുന്നു: ഗവർണ്ണർ സ്ഥാനം രാജി വച്ചു; തിരുവനന്തപുരത്ത് പൊരിഞ്ഞ പോരാട്ടം ഉറപ്പായി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുന്നതിനായി മിസോറാം ഗവർണർ സ്ഥാനം കുമ്മനം രാജശേഖരൻ രാജി വച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഇതോടെ ത്രികോണ മത്സരം ഉറപ്പായി. മണ്ഡലത്തിൽ ശശി തരൂരും, സി.ദിവാകരനും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനു പിന്നാലെയാണ് ആർഎസ്എസ് നേതൃത്വത്തിന്റെ ആശിർവാദത്തോടെ കുമ്മനം കൂടി എത്തുന്നത്. കുമ്മനം വെള്ളിയാഴ്ച ഗവർണർ പദവി രാജി വയ്ക്കുമെന്ന് ഇന്നലെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. കുമ്മനവുമായി അടുത്ത വൃത്തങ്ങൾ നൽകിയ സൂചന പ്രകാരമാണ് ഇന്നലെ തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കുമ്മനം തന്നെ തിരുവനന്തപുരത്ത് മത്സരത്തിന് ഇറങ്ങണമെന്നാണ് ആഎസ്എസ്എന്റെ നിലപാട്. ഇതടക്കമുള്ള കാര്യങ്ങളാണ് ബിജെപി ദേശീയ നേതൃത്വം പരിഗണിക്കുന്നത്. ശശി തരൂർ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്ന മണ്ഡലത്തിൽ ഇടതു സ്ഥാനാർത്ഥിയായി സിപിഐയുടെ സി ദിവാകരണമാണ്. ഇതോടെ ശക്തമായ ത്രികോണ മത്സരം മണ്ഡലത്തിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പായി.
നിലവിലെ സാഹചര്യത്തിൽ ആർഎസ്എസിന്റെ ശക്തമായ പിൻതുണ കുമ്മനത്തിന് ഉണ്ട്. എന്നാൽ, ബിജെപി നേതൃത്വം ഏത് രീതിയിൽ ഇതിനെ സമീപിക്കുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഗവർണർസ്ഥാനം രാജിവച്ചെത്തിയ കുമ്മനം പരാജയപ്പെട്ടാൽ ആർഎസ്എസ് നേതൃത്വം തന്നെ മറുപടി പറയേണ്ടി വരും.