ഈ വിഷപ്പുക ശ്വസിച്ച്‌ ഞങ്ങള്‍ സഹികെട്ടു!; കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ മാലിന്യസംസ്കരണം പാളി; പരാതിയുമായി സമീപത്തെ അമ്പതിലേറെ കുടുംബങ്ങള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം: ഈ വിഷപ്പുക ശ്വസിച്ച്‌ ഞങ്ങള്‍ സഹികെട്ടു!. കുമരകം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള അമ്പതിലേറെ കുടുംബങ്ങള്‍ പരാതിയുമായി രം​ഗത്ത്. മാസങ്ങളായി ഇതാണ് അവസ്ഥ.

ഞങ്ങള്‍ എത്രനാള്‍ ഇങ്ങനെ മുന്നോട്ടുപോകും, ദുരിതം അത്രയേറെയാണ്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ പ്രദേശമാകെ പടരുന്ന പുക ആശുപത്രിയിലെ രോഗികള്‍ക്ക് ഉള്‍പ്പെടെ ദുരിതം വിതയ്ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയിലെ മാലിന്യം കത്തിച്ചു കളയാന്‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍സിനേറ്ററിന്റെ പുകക്കുഴല്‍ കാലപ്പഴക്കത്താല്‍ ഒടിഞ്ഞുപോയതും ചൂളയുടെ കതക് അടയ്ക്കാന്‍ കഴിയാത്തതുമാണ് പുക ഉയര്‍ന്നുപോകാതെ പ്രദേശം മുഴുവന്‍ വ്യാപിക്കാന്‍ കാരണം. പലതവണ പ്രദേശവാസികള്‍ ആശുപത്രി അധികൃതരോട് പരാതി പറഞ്ഞിരുന്നു.

ഫ്രീമേസണ്‍റി എന്ന ആഗോള ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുമരകത്ത് നടന്ന റീജിയണല്‍ മീറ്റിംഗിന്റെ ഓര്‍മ്മയ്ക്കായി 2016ലാണ് ആശുപത്രിയില്‍ മാലിന്യ സംസ്‌കരണ സംവിധാനം നിര്‍മ്മിച്ചത്. ഖരമാലിന്യങ്ങള്‍ കത്തിയ്ക്കുന്നതിനുള്ള ഇന്‍സിനേറ്ററിന് പുറമേ മലിനജല ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചിരുന്നു.

വിഷപ്പുക മൂലം വീടുകളില്‍ ഭക്ഷണം പോലും കഴിയ്ക്കാനാവാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആശുപത്രിയിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവസ്ഥ ഇതിലും ദയനീയമാണ്.

ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് എത്രയും വേഗം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജി ഐ സ്വപ്ന അറിയിച്ചു. മാലിന്യ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മെഡിക്കല്‍ ഓഫീസറില്‍ നിന്നും വിവരം ശേഖരിക്കും. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെയിന്റന്‍സ് നടത്തും. ആര്യ രാജന്‍ (പ്രസിഡന്റ് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്)