കുമരകത്ത് ഉത്സവത്തിനോടനുബന്ധിച്ച് വാക്കുതർക്കം; യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ
കുമരകം: ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങളം സൗത്ത് ചെങ്ങളത്തുകാവ് സ്വദേശികളായ ഇടക്കരിച്ചിറയിൽ വീട്ടിൽ ജഗേഷ് ജെ പ്രകാശ് (38), ഗോപീസദനം വീട്ടിൽ ജിനു ഗോപിനാഥ് (39), തട്ടാം പറമ്പിൽ വീട്ടിൽ ശരത്ത് ടി.എ (32), കുന്നുംപുറം വീട്ടിൽ സുരേഷ് കെ.ആർ (36), ഭഗവതിപ്പറമ്പ് വീട്ടിൽ അനൂപ് ശശി (29) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി ചെങ്ങളത്ത് കാവ് അമ്പലം ജംഗ്ഷന് സമീപം എത്തിയ യുവാവിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് യുവാവിന്റെ വയറിൽ കുത്തുകയുമായിരുന്നു. അഞ്ചുവർഷം മുമ്പ് ചെങ്ങളത്ത് കാവ് അമ്പലത്തിലെ ഉത്സവത്തിന് ഉണ്ടായ അടിപിടിയെ തുടർന്നുണ്ടായ വിരോധം ഇവർക്കിടയിൽ നിലനിന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ കഴിഞ്ഞ ദിവസം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് കുമരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ തോമസ് കെ.ജെ, എസ്.ഐ അനീഷ് കുമാർ, സുനിൽകുമാർ സി.പി.ഓ മാരായ അഭിലാഷ്, രാജു, അമ്പാടി, ഡെന്നി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.