
ഗതാഗതക്കുരുക്കിന് പരിഹാരം; കുമരകം കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി; 7.94 കോടി രൂപ ചെലവിൽ പുതിയപാലത്തിൻ്റെ നിർമാണം ഉടൻ ആരംഭിക്കും
സ്വന്തം ലേഖിക
കോട്ടയം: പുതിയ പാലം നിര്‍മിക്കാന്‍ കുമരകം കോണത്താറ്റ് പാലം പൊളിച്ചുതുടങ്ങി.
ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് പാലം പൊളിക്കല്‍ ജോലികള്‍ ആരംഭിച്ചത്. സഹകരണ-മന്ത്രി വി എന്‍ വാസവന്‍ ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, പഞ്ചായത്തംഗം ദിവ്യ ദാമോദരന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.
കോട്ടയം– കുമരകം റോഡില്‍ ഗതാഗതക്കുരുക്ക് നേരിടുന്ന ഇടുങ്ങിയ പാലമാണ് കോണത്താറ്റ് പാലം. നാലുമീറ്ററായിരുന്നു പാലത്തിന്റെ വീതി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മന്ത്രി മുന്‍കൈയെടുത്താണ് പുതിയപാലം നിര്‍മിക്കാന്‍ നടപടി സ്വീകരിച്ചത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി മുഖേന 7.94 കോടി രൂപ ചെലവഴിച്ചാണ് പുതിയപാലം നിര്‍മിക്കുക. 26.20 മീറ്റര്‍ നീളത്തിലും 13 മീറ്റര്‍ വീതിയിലുമാണ് നിര്‍മാണം. ഇരുവശങ്ങളിലുമായി 55, 34 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും.
പതിനെട്ട് മാസമാണ് നിര്‍മാണ കാലാവധി. നിര്‍മാണസമയത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ പാലത്തിന്റെ ഇടതുവശത്തായി 150 മീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഗതാഗതം.