
കുമരകത്തിന് നോവായി 7 വയസ്സുകാരി ചിന്നുവിന്റെ വേർപാട്; കുളിക്കാനായി തനിയെ ചീപ്പുങ്കൽ ആറ്റിൽ പോയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു; പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മൈസൂരുവിലേക്ക് കൊണ്ടുപോയി
കുമരകം: മൈസൂരുവിൽ നിന്ന് എത്തി കുട്ടവഞ്ചിയിൽ മീൻപിടിക്കുന്ന കുടുംബത്തിലെ ഏഴു വയസ്സുകാരി വെള്ളത്തിൽ വീണു മരിച്ചതിന്റെ വേദനയിൽ പങ്കുചേർന്ന് കുമരകവും. രവി – ഗൗരി ദമ്പതികളുടെ പേരക്കുട്ടി അർപ്പിതയാണ് (ചിന്നു) മരിച്ചത്. രവിയുടെ മകൾ നന്ദിനിയുടെയും അഭിലാഷിന്റെയും ഏക മകളാണ് ചിന്നു.
ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം നടന്നത്. രാത്രി മീൻ പിടിത്തത്തിനു പോയി മടങ്ങിവന്ന പുരുഷന്മാർ പകൽ ഉറക്കത്തിലായിരുന്നു. സ്ത്രീകൾ ഭക്ഷണം തയാറാക്കുന്ന തിരക്കിലും. താമസസ്ഥലത്തിനടുത്ത ചീപ്പുങ്കൽ ആറ്റിൽ ചിന്നു തനിയെ കുളിക്കാൻ പോയത് ആരും കണ്ടിരുന്നില്ല.
സ്ത്രീകൾ അന്വേഷിച്ചെത്തുമ്പോഴാണു തോട്ടുകടവിൽ ചിന്നുവിന്റെ ഉടുപ്പ് കാണുന്നത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന സഞ്ജുവും പരശുവും തോട്ടിലേക്കു ചാടി മുങ്ങിയെടുത്തപ്പോഴേക്കും ചിന്നു മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ സന്ധ്യയോടെ മൃതദേഹം ആംബുലൻസിൽ മൈസൂരുവിലേക്ക് കൊണ്ടുപോയി. ചീപ്പുങ്കലിൽ ഉണ്ടായിരുന്ന 3 കുടുംബങ്ങൾ ട്രെയിനിൽ മൈസൂരുവിലേക്കു പോയി. ചിന്നുവിന്റെ സംസ്കാരം അവിടെ നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനഞ്ചു വർഷം മുൻപാണു രവിയും ഭാര്യ ഗൗരിയും കേരളത്തിലേക്കു ചേക്കേറിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചു കുട്ടവഞ്ചിയിൽ പോയി വലയിട്ടു മീൻ പിടിച്ചാണ് ഉപജീവനം. രവിയെയും ഗൗരിയെയും കൂടാതെ 2 കുടുംബങ്ങൾ കൂടി ചീപ്പുങ്കൽ പുന്നച്ചുവട് ഭാഗത്തു താമസിക്കുന്നുണ്ട്. കുട്ടികളടക്കം 20 പേരുണ്ട് സംഘത്തിൽ. പ്ലാസ്റ്റിക് പടുതയുടെ കീഴിൽ പിഞ്ചുകുഞ്ഞടക്കമാണ് ഇവിടെ കഴിയുന്നത്. കഴിഞ്ഞ 5 മാസമായി ഇവർ ഇവിടെയുണ്ട്.