കുമരകത്ത് മീൻപിടുത്തക്കാരുടെ വള്ളം മുങ്ങി; വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ആറു പേരെ രക്ഷിച്ചത് ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാർ; ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മീൻ പിടുത്തത്തിനായി കുമരകം വേമ്പനാട്ട് കായലിൽ സഞ്ചരിക്കുന്നതിനിടെ വള്ളം മുങ്ങി ആറു മീൻ പിടുത്തക്കാർ ഒഴുക്കിൽപ്പെട്ടു. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിത്താഴ്ചന്ന മീൻ പിടുത്തക്കാരെ ഇതുവഴി എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ടിലെത്തിയ ജീവനക്കാരാണ് രക്ഷപെടുത്തിയത്.
കുമരകം മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53),രാജീവ് (44), മനു(30),ബിനു(35) എന്നിവരാണ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. ഇവരെ ജലഗതാഗത വകുപ്പിന്റെ ബോട്ട് ജീവനക്കാരായ ബോട്ട് മാസ്റ്റർ പ്രേമം ജിത്ത് ലാൽ, ബോട്ട് സ്രാങ്ക് അശോക് കുമാർ, ബോട്ട് ഡ്രൈവർ രാധാകൃഷ്ണൻ, ബോട്ട്ലാസ്ക്കർ
പി.ആർ റോയി , പ്രശാന്ത് എന്നിവർ ചേർന്നാണ് രക്ഷപെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മീൻ പിടുത്തത്തിനിടെ വേമ്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധന വള്ളം കാറ്റിൽപ്പെട്ട് മുങ്ങുകയായിരുന്നു. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റൊരു വള്ളം നിയന്ത്രണം വിട്ട് ഒഴുകി നടന്നു. വിവരമറിയിച്ചതനുസരിച്ചാണ് എസ് 52 യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മയിൽ നിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.