യാത്രക്കാർ ജാഗ്രതൈ; കുമരകം ബോട്ടുജെട്ടി പാലം അപകടാവസ്ഥയിൽ

യാത്രക്കാർ ജാഗ്രതൈ; കുമരകം ബോട്ടുജെട്ടി പാലം അപകടാവസ്ഥയിൽ

സ്വന്തം ലേഖകൻ

കുമരകം: കുമരകം ബോട്ടുജെട്ടി പാലം അപകടാവസ്ഥയിൽ. അഞ്ച് പതിറ്റാണ്ടുകൾക്ക് മേൽ പഴക്കമുള്ളതാണ് ഈ പാലം. പാലത്തിന്റെ ഇരുവശവുമുള്ള അപ്രോച്ച് റോഡുകൾ ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിലാണ്. സുരക്ഷയെ കണക്കാക്കി കുമരകം ബോട്ടുജെട്ടി പാലം ബലപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.
കോട്ടയം-കുമരകം റോഡിന്റെ തെക്ക് വടക്കായി സ്ഥിതിചെയ്യുന്ന പാലത്തിന്റെ വടക്ക് ഭാഗത്തെ അപ്രോച്ച് റോഡ് ഒരടിയോളം ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് ഏതാനും മാസം മുൻപ് ഈ ഭാഗത്ത് താത്കാലിക ടാറിങ് നടത്തിയിരുന്നു. വടക്ക് വശത്ത് പാലത്തിന്റെ കീഴ്ഭാഗത്തുള്ള കൽക്കെട്ട് പൊട്ടി തകർന്ന അവസ്ഥയിലാണ്. ശ്രീകുമാരമംഗലം സ്‌കൂളിലെ വിദ്യാർഥികളും ചെറുവാഹനങ്ങളും പാലത്തിന്റെ കീഴ്ഭാഗത്തുള്ള റോഡിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിലൂടെ ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ കൽക്കെട്ടിന് ഇടയിൽനിന്ന് മണ്ണും കോൺക്രീറ്റും ഇളകി അടർന്നുവീഴുന്നതും ജനങ്ങളിൽ ഭീതിയുളവാക്കുന്നു.