സർക്കാർ പറഞ്ഞാലും കോട്ടയത്തെ പുഞ്ച സ്‌പെഷ്യൽ ഓഫിസർക്കു പുല്ലുവില: മെത്രാൻകായൽ കൃഷി മുടക്കാൻ തുനിഞ്ഞിറങ്ങി പുഞ്ച സ്പെഷ്യൽ ഓഫിസർ; പ്രതിഷേധവുമായി കർഷകരും സംഘടനകളും
സ്വന്തം ലേഖകൻ
കുമരകം: സർക്കാർ പറഞ്ഞിട്ടു പോലും കോട്ടയത്തെ പുഞ്ച സ്‌പെഷ്യൽ ഓഫിസർക്കു പുല്ലുവില. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പങ്കെടുക്കേണ്ട മെത്രാൻകായലിന്റെ കൊയ്ത്ത് ഉത്സവം പോലും മുടക്കുന്ന സ്ഥിതിയിലാണ് പുഞ്ച സ്പെഷ്യൽ ഓഫിസറുടെ ഇടപെടൽ. കൃഷി മന്ത്രി ഇടപെട്ടിട്ടു പോലും മെത്രാൻ കായലിലെ പുതിയ ഭരണസമിതിയെ അംഗീകരിക്കാൻ മടിക്കുന്ന പുഞ്ച സ്പെഷ്യൽ ഓഫിസർ മെത്രാൻ കായലിലെ പമ്പിംങ് പോലും മുടക്കി. ഇതോടെ കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനവും, അടുത്ത വർഷം നടക്കേണ്ട വിതയ്ക്കലും അനിശ്ചിതത്വത്തിലായി.
സംസ്ഥാനത്ത് പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആരംഭിച്ച മെത്രാൻ കായലിലെ കൃഷി തുടർച്ചയായ അഞ്ചാം വർഷത്തിലേയ്ക്ക് എത്തിയപ്പോഴാണ് ഉടക്കുമായി പുഞ്ച സ്പെഷ്യൽ ഓഫിസർ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. മെത്രാൻകായൽ കൃഷിയ്ക്കായി ചേർന്ന പുതിയ ഭരണ സമിതിയെ അംഗീകാരിക്കാതെ പുഞ്ച സ്പെഷ്യൽ ഓഫിസർ പമ്പിംങ്ങിന് കഴിഞ്ഞ ദിവസമാണ് അനുമതി നഷേധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെത്രാൻ കായലിലെ കൊയ്ത്ത് ഉദ്ഘാടനം നടത്താൻ മന്ത്രി വി.എസ് സുനിൽകുമാറിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ പാടശേഖര സമിതി തീരുമാനിക്കുകയും ചെയ്തിരുന്നു. മന്ത്രി വി.എസ് സുനിൽകുമാർ നേരിട്ട് തന്നെയാണ് ഓരോ ഘട്ടത്തിലെയും നെല്ലിന്റെ വളർച്ച അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയിരുന്നത്. മുൻ വർഷങ്ങളിലും ഇവിടെ നേരിട്ടെത്തി മന്ത്രി തന്നെയാണ് കൊയ്ത്ത് ഉത്സവം നടത്തിയിരുന്നത്. എന്നാൽ, ഇക്കുറി പുഞ്ച സ്പെഷ്യൽ ഓഫിസറുടെ കടുംപിടുത്തം കാര്യങ്ങളെല്ലാം തകിടം മറിച്ചിരിക്കുകയാണ്.
മെത്രാൻകായലിൽ നിലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരാണ് കർഷകരിൽ ഏറെയും. അതുകൊണ്ടു തന്നെ ഓരോ വർഷവും കൃഷിക്കാർ മാറി മാറി വരും. ഇക്കുറിയും കർഷകർ മാറിയെത്തിയിട്ടുണ്ട്. മറ്റുള്ള പാടശേഖര സമിതികളിൽ പൊതുയോഗം ചേരാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ മുൻ വർഷങ്ങളിലെ പോലെ തന്നെ കൊവിഡിന്റെ പശ്ചാത്തലത്തിൽ തുടരാൻ സർക്കാർ അനുമതി നൽകിയിരുന്നത്.
എന്നാൽ, പാലക്കാടും പത്തനംതിട്ടയിലും അടക്കമുള്ള സ്ഥലങ്ങളിൽ സമിതിയികൾ മാറിയിട്ടുണ്ട്. ഇവിടെയൊന്നും ഈ പ്രശ്‌നമുണ്ടായിട്ടില്ല.. എന്നാൽ, മെത്രാൻ കായലിൽ കർഷകർ യോഗം ചേർന്നു പുതിയ സമിതിയെ തിരഞ്ഞെടുത്തിരുന്നു. ഇത് പുഞ്ച സ്പെഷ്യൽ ഓഫിസർ അനുവദിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അഞ്ചാം വർഷത്തിൽ ആഘോഷത്തോടെ കൊയ്ത്ത് ഉത്സവം നടത്തുന്നതിനായിരുന്നു സർക്കാരിന്റെ പദ്ധതി. ഇതെല്ലാം പുഞ്ച സ്പെഷ്യൽ ഓഫിസറുടെ കടുംപിടുത്തത്തോടെ തകിടം മറിഞ്ഞിരിക്കുകയാണ്.
കർഷകരെ സഹായിക്കുന്ന സർക്കാർ നിലപാടിന് എതിരാണ് ഇപ്പോൾ പുഞ്ച സ്പെഷ്യൽ ഓഫിസർ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് കാര്യങ്ങൾ തകിടം മറിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ നേരിട്ട് ഇടപെട്ടിട്ടു പോലും പുഞ്ച സ്പെഷ്യൽ ഓഫിസർ തന്റെ നിലപാട് തിരുത്താൻ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉദ്ഘാടനവും അടുക്ക വർഷത്തെ കൃഷിയും അടക്കം പ്രതിസന്ധിയിലായിരിക്കുന്നത്. ഈ പുഞ്ച സ്‌പെഷ്യൽ ഓഫിസർക്ക് എതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.