
ചുറ്റും വെള്ളം പക്ഷേ കുടിക്കാനില്ല: അൽപം ദാഹജലം തരുമാേ കുമരകത്തുകാർ ചോദിക്കുന്നു
സ്വന്തം ലേഖകൻ
കുമരകം: ചുറ്റും വെള്ളമുണ്ട്. തുള്ളി കുടിക്കാനില്ല. ഇതാണ് ഇപ്പോൾ കുമരകം നിവാസികളുടെ അവസ്ഥ. വേനൽ കടുത്തതോടെ തോടുകൾ പോളതിങ്ങി നിറഞ്ഞ് മലിനമായി . തണ്ണീർമുക്കം ബണ്ട് അടഞ്ഞുകിടക്കുന്നതിനാൽ നീരാെഴുക്കില്ലാതെയും വറ്റാറായതുമായ ജലാശയങ്ങൾ . എന്തിനും ഏതിനും പൈപ്പുവെള്ളം മാത്രം ആശ്രയം. ഈ സാഹചര്യത്തിലാണ് ജലവിതരണ വകുപ്പിൻ്റെ അനാസ്ഥയും കെടുകാര്യസ്ഥതയും കുമരകം നിവാസികൾക്ക് വിനയായി മാറിയിരിക്കുന്നത്. ജലവിതരണ വകുപ്പിനെ കുറിച്ച് പരാതികളില്ലാത്ത ദിവസങ്ങളില്ല. ഗത്യന്തരമില്ലാതെ കുമരകം പഞ്ചായത്ത്
ഭരണസമതികോട്ടയത്തെ ജല വിതരണ വകുപ്പിൻ്റെ ഓഫീസിലും പ്രതിപക്ഷ അംഗങ്ങൾ കുമരകം പഞ്ചായത്തിലും വെള്ളത്തിനായി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയിട്ട് നാളേറെയായില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ലഭിച്ചിരുന്ന പൈപ്പുവെള്ളം ഇപ്പോൾ ദിവസങ്ങളോളം ലഭിക്കുന്നില്ല.
വരൾച്ചയുടേയും ചൂടിൻ്റെയും ശക്തി ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുന്നതിനൽ വെള്ളത്തിൻ്റെയും വൈദ്യുതിയുടേയും ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള വെള്ളം കുമരകത്തെ ഓവർ ഹെഡ് ടാങ്കുകളിൽ എത്തിക്കുന്നില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പൈപ്പുപൊട്ടൽ, വൈദ്യുതി മുടക്കം,
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടാറുകൾ തകരാറിലാകുക, താഴത്തങ്ങാടിയിലും വള്‌ളൂപ്പറമ്പിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയ ന്യായങ്ങളാണ് വകുപ്പു മേലാളന്മാരുടെ സ്ഥിരം പല്ലവി. നേരത്തെ ഉപഭോക്താക്കൾ വിളിച്ചാൽ വകുപ്പ് ഉദ്യാേഗസ്ഥർ ഫോൺ എടുക്കുകയും വെള്ളം എപ്പോൾ ലഭിക്കുമെന്നറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചായത്ത് അംഗങ്ങൾ പോലും വിളിച്ചാൽ ബന്ധപ്പെട്ടവർ ഫോൺ പോലും എടുക്കുന്നില്ലെന്നാണ് പരാതി.
എല്ലാ വീടുകളിലും പൈപ്പു കണക്ഷൻ ആയതോടെ ചെറിയ ടാങ്കർ ലോറികളിലും പെട്ടി വണ്ടികളിലും വെള്ളം വിതരണം നടത്തിക്കൊണ്ടിരുന്നവരിലേറയും രംഗം വിട്ടു. ഇപ്പോൾ വെള്ളം വിലക്കു വാങ്ങാനും എറെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് നാട്ടുകാരുടെ പ്രധാന അത്യാവശ്യമായ ജലം മുടക്കമില്ലാതെ വിതരണം നടത്താൻ ബന്ധപ്പെട്ടവർ നടപടി എത്രയും വേഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.