
കുമരകം : ഒരു യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും ഒത്തുകൂടിയ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. കുമരകം സെൻറ് ജോൺസ് യു.പി. സ്കൂളിലാണ് ഒരാഴ്ച നീണ്ടു നിന്ന ഇലക്ഷൻ പ്രക്രിയകൾക്ക് ഇന്ന് സമാപനമായത്.
സ്കൂൾ ലീഡർമാർക്കായുള്ള തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടിൽ എതിർ സ്ഥാനാർത്ഥിയെക്കാൾ 12 വോട്ടുകൾ കൂടുതൽ നേടി ഏഴാം ക്ലാസിലെ അഭിറാം അഭിലാഷ് ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിയായി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഏഴാം ക്ലാസിലെ യമീമ സുനിൽ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കുട്ടികളിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജനാധിപത്യത്തിൻറെ ബാലപാഠങ്ങൾ തിരിച്ചറിയുന്നതിനും വേണ്ടിയാണ് ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും ഉൾപ്പെടുത്തി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തിയതെന്ന് സ്കൂൾ പ്രഥമ അധ്യാപകൻ അനീഷ് ഐ എം പറഞ്ഞു.കൈറ്റ് മലപ്പുറത്തിൻ്റെ കീഴിൽ ഐടി വിദഗ്ധൻ സുനിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ് തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിച്ച് യഥാർത്ഥ വോട്ടിങ് അനുഭവം നൽകുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ മുഴുവനും നിയന്ത്രിച്ചത്. തിരഞ്ഞെടുപ്പ് ഫലവും വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു. വിജയികളെ ഹാരമണിയിച്ച് അനുമോദിച്ചു.
പ്രിസൈഡിങ്ങ് ഓഫീസറായി മരിയ ഗ്രാസ്യ കെ.എ, പോളിംഗ് ഓഫീസർമാരായി ഏബൽ വി ഷിബു, ശ്രീനന്ദ് സിജിമോൻ, ആൽബിൻ ദീപു , എന്നിവർ പ്രവർത്തിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റായി സച്ചു കെ സരീഷ് തെരഞ്ഞെടുപ്പിൽ സേവനം അനുഷ്ഠിച്ചു. പോളിങ്ങ് ഏജൻറുമാരായും കുട്ടികൾ തന്നെയാണ് പ്രവർത്തിച്ചത്.
തെരഞ്ഞെടുപ്പ് നടപടികൾക്ക് റിട്ടേണിങ് ഓഫീസറായി സീനിയർ അധ്യാപിക ജയ്സി ജോസഫ് , മറ്റ് അധ്യാപകരായ സോണിമോൻ വർഗീസ്, ലിബിൻ ചെറിയാൻ, കെ ജെ അഞ്ജലിമോൾ, ആൻ മരിയ ജോൺസൻ, രേഷ്മ ജേക്കബ്, റ്റിൻസി സെബാസ്റ്റ്യൻ, മിന്റു തോമസ്, ശരണ്യമോൾ പി പി, ജിജി ജോസഫ് എന്നിവർ നേതൃത്വം നൽകി.