
കോട്ടയം : കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും പ്രിൻസിപ്പൽ ഇൻ ചാർജുമായ ടി. സത്യന് ഈ വർഷത്തെ ഗുരുരത്ന പുരസ്കാരം. കുട്ടികൾ നിർദ്ദേശിക്കുന്ന പത്തനംതിട്ട – കോട്ടയം ജില്ലകളിലെ ഹയർ സെക്കൻഡറി തലം വരെയുള്ള മികച്ച അധ്യാപകർക്ക് പത്തനംതിട്ട കുസുമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂവ് സർഗ്ഗവേദി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ലോക അധ്യാപക ദിനത്തിൽ പുരസ്കാരം സമ്മാനിക്കും.
2018 മുതൽ 2024 വരെ അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്തു വന്ന സത്യൻ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്, സ്റ്റുഡൻറ് പോലീസ് കേഡറ്റ് എന്നീ പദ്ധതികളുടെ നേതൃത്വത്തിലൂടെ അട്ടപ്പാടി ആദിവാസി മേഖലയിൽ പോളിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2019 ലോക സഭ തെരഞ്ഞെടുപ്പിൽ കുട്ടികളോടൊപ്പം മൂന്നു മാസത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ നടപ്പിലാക്കിയ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഫലമായി പോളിംഗ് ശതമാനം മുൻ വർഷത്തേക്കാൾ 14 ശതമാനം വർദ്ധിപ്പിച്ച് 73.14 ലേക്ക് എത്തിക്കുവാൻ സഹായിച്ചു.
ഇതിൽ പങ്കാളികളായ 54 കുട്ടികളെ 2020 ജനുവരി 25 ദേശീയസമ്മദിദായക ദിനത്തിൽ കേരള ഗവർണർ, ചീഫ് ഇലക്ടറൽ ഓഫീസർ കേരള എന്നിവരുടെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഉയർത്തിയ പോളിംഗ് ശതമാനം 2024 വരെയും നിലനിർത്താൻ കഴിഞ്ഞു. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സ്കൂളിൻ്റെ ചുവരുകൾക്കുള്ളിൽ ഒതുക്കാതെ നാടിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തി. മികച്ച പ്രവർത്തനങ്ങളുടെ ഫലമായി 2019 മുതൽ 2023 വരെ കേരളത്തിലെ ഏറ്റവും മികച്ച ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിനുള്ള ബെസ്റ്റ് ഇലക്ടറൽ പ്രാക്ടീസ് പുരസ്കാരം അന്ന് അഗളി സ്‌കൂളിന് നേടാൻ കഴിഞ്ഞു. അതോടൊപ്പം ജില്ല തെരഞ്ഞെടുപ്പ് വിഭാഗം നൽകുന്ന ബെസ്റ്റ് ഇലക്ടറൽ ലിറ്ററസി ക്ലബ് അവാർഡ് രണ്ടുതവണ അഗളി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അട്ടപ്പാടി ട്രൈബൽ മേഖലയിൽ പ്രവർത്തനം വ്യാപിപ്പിച്ച ടി.സത്യൻ കുട്ടികളോടൊപ്പം നൽകിയ നിവേദനത്തിന്റെ ഫലമായി അട്ടപ്പാടിയിലെ പ്രക്തനാ ഗോത്ര ഉന്നതിയായ ആനവായ് ഉന്നതിയിൽ പുതിയ ഒരു പോളിംഗ് സ്റ്റേഷൻ അനുവദിപ്പിക്കുവാൻ കഴിഞ്ഞു.കൂടാതെ 2021-22 ൽ പല കാരണങ്ങളാലും പ്ലസ് വണ്ണിന് അപേക്ഷിക്കാൻ കഴിയാതിരുന്ന പട്ടികവർഗ്ഗകുട്ടികളുടെ ദുരിതം മനസ്സിലാക്കി സർക്കാരിൽ ഇടപെട്ടതിന്‍റെ ഫലമായി ആ വർഷം ആദിവാസി,
പിന്നാക്കവിഭാഗം കുട്ടികൾ ഉൾപ്പെടെ 493 കുട്ടികൾ കേരളത്തിലെ വയനാട് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ +1 ന് അഡ്മിഷൻ നേടി. അരിവാൾ രോഗബാധിതരായ ആദിവാസി കുട്ടികൾക്ക് പ്രത്യേക ബോധവൽക്കരണ പരിപാടികൾ നൽകുകയും ഭവനരഹിതരായ കുഞ്ഞുങ്ങൾക്ക് വീട് ലഭിക്കുന്നതിനുവേണ്ടി അട്ടപ്പാടി നന്മ സാമൂഹ്യസേവന സംഘടനയുമായി ചേർന്ന് പ്രവർത്തിയ്ക്കുകയും ചെയ്തു. ഡി.ജി.പിയിൽ നിന്ന് വിശിഷ്ട സേവന പത്രം ലഭിച്ച സത്യന്റെ പ്രവർത്തനങ്ങൾ കണ്ടെറിഞ്ഞ് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ മികച്ച പ്രവർത്തനം കാഴ്ചവച്ച 14 കുട്ടികളെയും അദ്ദേഹത്തെയും ടീമിലുള്ള നാല് അധ്യാപകരെയും രാഷ്ട്രപതി ഭവൻ,
ഇന്ത്യൻ പാർലമെൻ്റ്, താജ്മഹൽ തുടങ്ങി ഡൽഹിയിലെ വിവിധ സ്ഥലങ്ങൾ കാണാനുള്ള സാഹചര്യം ഒരുക്കി കൊടുത്തു. കുമരകം സ്കൂളിൽ ടൂറിസം ക്ലബ്ബ്, ഇലക്ടറൽ ലിറ്ററസി ക്ലബ് ലീഗൽ ലിറ്ററസി ക്ലബ് എന്നിവയുടെ ചാർജ് വഹിക്കുന്ന അദ്ദേഹം സംവാദ എന്ന പരിപാടിയിലൂടെ കോട്ടയം ജില്ലയിലെ വിവിധ കോടതികൾ സന്ദർശിച്ച് ജഡ്ജിമാർ പബ്ലിക് പ്രോസിക്യൂട്ടർമാർ വക്കീലന്മാർമാർ എന്നിവരുമായിട്ട് സംവദിയ്ക്കാൻ കുട്ടികൾക്ക് അവസരം ഒരുക്കി. കുട്ടികൾക്ക് കലാസാഹിത്യ രാഷ്ട്രീയവിദ്യാഭ്യാസ ശാസ്ത്രമേഖലകളിലെ പണ്ഡിതന്മാരുമായി സംവദിക്കാനുള്ള വേദിയായ വാക്ക് വിത്ത് ദി സ്കോളർ എന്ന പദ്ധതി ടി.സത്യന്റെ നേതൃത്വത്തിൽ നടന്നു വരുന്നു
തിരുവല്ല കൃഷിഭവൻ ഫീൽഡ് ഓഫീസർ കെ. സോമലേഖയാണ് ഭാര്യ. മകൻ എസ്. സഞ്ജയ് തേവര എസ്.എച്ച് കോളേജിലെ ഡിഗ്രി ഇംഗ്ലീഷ് മൂന്നാംവർഷ വിദ്യാർത്ഥിയും മകൾ സഞ്ജന.എസ് കോട്ടയം സിഎംഎസ് കോളജിലെ ഡിഗ്രി ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിനിയും ആണ്.
കുടുംബത്തോടൊപ്പം കോട്ടയം ജില്ലയിലെ മൂലവട്ടം കുറ്റിക്കാട്ട് അമ്പലത്തിന് സമീപം ഒറ്റപ്ലാക്കൽ വീട്ടിലാണ് താമസം.
ഫോൺ നമ്പർ +919447487852