
കുമരകം: കുമരകം പഞ്ചായത്ത് ഭരണ സമിതിക്കെതിരേ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി രംഗത്തു വന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കോൺഗ്രസ് വലിയ പ്രക്ഷോഭം തന്നെ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലുള്ള പഞ്ചായത്തിൻറെ ആധാരം ഉൾപ്പെടെ ഉള്ള വസ്തുവകകൾ കാണ്മാനില്ല എന്ന് ആരോപിക്കുന്നു.
പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്തിൻറെ ആധാരം പഞ്ചായത്തിൽ ഇല്ല എന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ ആധാരത്തിൽ എത്ര സെൻറ് സ്ഥലമാണ് ഉള്ളതെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. കയ്യേറ്റം നടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത് ആരാണ് കയ്യേറിയത് .കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ അവരെ ഒഴിപ്പിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊന്ന് രണ്ടരവർഷം മുമ്പ് തരിശു നിലം കൃഷിയോഗ്യമാക്കുന്നതിന് കിഴുമുട്ടത്തുശ്ശേരി പാടശേഖരത്തിന് വേണ്ടി 7 ലക്ഷം രൂപ മുടക്കി കുമരകം കൃഷി ഓഫീസിൽ നിന്നും വാങ്ങി നൽകിയ വെർട്ടിക്കൽ ആക്സിൽ ഫ്ലോ പമ്പ് സെറ്റ് കാണ്മാനില്ല എന്നതാണ്. കോൺഗ്രസ് ഒരു വർഷം മുമ്പ് പ്രതിഷേധം അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഒന്നും ഉണ്ടായില്ല. അന്വേഷിച്ചപ്പോൾ കൃഷി ഓഫീസിൽ നിന്നും പഞ്ചായത്ത് മെമ്പർ കൈപ്പറ്റി എന്നാണ് അന്ന് പറഞ്ഞത്. അന്ന് മാധ്യമങ്ങളിൽകൂടി മറുപടി വന്നത് ഒരാഴ്ചയ്ക്കകം പമ്പ് സെറ്റ് സ്ഥാപിക്കും എന്നാണ്. നാളിതുവരെ പമ്പ് സെറ്റ് സ്ഥാപിച്ചിട്ടില്ല .പമ്പ് സെറ്റിനെ കുറിച്ച് യാതൊരു വിവരവും ഇല്ല .പമ്പ് മോഷണം പോയോ എന്ന് അന്വേഷിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
കുമരകത്തെ മാലിന്യമുക്തം പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ പ്രദേശത്തെയും ഹൗസ് ബോട്ടിലെ ഉൾപ്പെടെയുള്ള ശൗചാലയ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ടിൽ നിന്നും 40 ലക്ഷത്തോളം രൂപ മുടക്കി വാഹനവും ടാങ്കും മറ്റ് സാധനങ്ങളും വാങ്ങിയിരുന്നു എന്നാൽ കുമരകത്തെ ഹൗസ് ബോട്ട് മാലിന്യങ്ങൾ സംസ്കരിക്കാൻ മാർഗം ഇല്ലാത്ത ഈ സമയത്ത് കുമരകത്തെയോ ഹൗസ് ബോട്ടിലെയോ മാലിന്യങ്ങൾ ശേഖരിച്ചതായി യാതൊരുവിധ അറിവും ഇല്ല. ഈ ആവശ്യത്തിന് വേണ്ടി വാങ്ങിയ വാഹനവും പഞ്ചായത്തിൽ കാണ്മാനില്ല. വാഹനത്തിന് എന്ത് സംഭവിച്ചു എന്ന് പഞ്ചായത്ത് മറുപടി പറയേണ്ടിവരും.
പഞ്ചായത്ത് കുടിവെള്ള പദ്ധതിയിൽ പെടുത്തി വർഷങ്ങൾക്കു മുമ്പ് 2000 ലിറ്ററിന്റെ രണ്ട് ടാങ്കുകൾ വാങ്ങിയിരുന്നു ഈ ടാങ്കുകൾ വർഷങ്ങളായി പഞ്ചായത്തിൽ കാണ്മാനില്ല .ഇത് എവിടെ എന്ന് പഞ്ചായത്ത് വ്യക്തമാക്കണം.
കോണത്താറ്റു പാലം പണിയുമായി ബന്ധപ്പെട്ട് നടന്ന മോഷണക്കേസിൽ 1880 കിലോ കമ്പി മോഷണം പോയി എന്ന് കോൺട്രാക്ടർ പോലീസിൽ പരാതി നൽകുകയും 600 കിലോ മോഷ്ടിച്ചു എന്ന് ആരോപിച്ച് കേസെടുത്തു. അപ്പോഴും 1280 കിലോ മോഷ്ടിച്ച കള്ളനെ വെറുതെ വിട്ട് പോലീസ് കേസ് ഒതുക്കുന്നു. ഇത് ആരെ സംരക്ഷിക്കാൻ ? കുറ്റം ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. സിപിഎമ്മിൻ്റെയും പോലീസിന്റെയും പാലം പണിയുന്ന കോൺട്രാക്ടറുടെയും ഇരട്ടത്താപ്പ് നയം അവസാനിപ്പിച്ച് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പഞ്ചായത്ത് ആസ്തിയിലുള്ള ഇത്രയും വസ്തുവകകൾ കാണാതായിട്ട് ഒരു അന്വേഷണവും ഇല്ലാത്ത കഴിവുകെട്ട പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.