
കോട്ടയം: കുമരകത്തിന്റെ ടൂറിസം വികസനത്തിന് മികച്ച നേട്ടമായി കൊട്ടിഘോഷിച്ച് കോടികൾ മുടക്കി നിർമ്മാണം പൂർത്തീകരിച്ച നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനലിൽ എത്തിച്ചേരണമെങ്കിൽ റോഡിലെ കുഴികൾ താണ്ടണം.
കുമരകം പഞ്ചായത്തിലെ ഒൻപതാം വാർഡിലെ നാലുപങ്ക് റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായിക്കിടക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് വാർഡ് മെമ്പർ ഇടപെട്ട് മണ്ണിറക്കി കുഴികൾ അടച്ചെങ്കിലും മഴ പെയ്തതോടെ റോഡ് വീണ്ടും ചെളിക്കുളമായി മാറി. നിരവധി
വീട്ടുകാർ ഉപയോഗിക്കുന്ന വഴിയിൽ സ്വദേശികളും വിദേശികളുമായുള്ള നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത് എന്നാൽ റോഡിന്റെ ദുരവസ്ഥ ഇപ്പോൾ സഞ്ചരികളെ ഇങ്ങോട്ട് ആകർഷിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യ തൊഴിലാളികളും, വയോജനങ്ങളും, സ്കൂൾ കുട്ടികളും ഉൾപ്പെടെ അനേകം ആളുകൾ ഇപ്പോൾ ഈ ദുരിതക്കയത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. സ്കൂൾ ബസ്സുകളും, ഇരുച്ചക്ര വാഹനങ്ങളും ഈ റോഡിലൂടെ പോകുന്നത് വളരെ സാഹസികമയാണ്. ഓട്ടോറിക്ഷകൾ
സവാരി വിളിച്ചാൽ വരാത്ത അവസ്ഥയും ഇതേതുടർന്നുണ്ട്. സവാരി നടത്തിയാൽ കിട്ടുന്ന കാശിന്റെ ഇരട്ടി ഓട്ടോയുടെ അറ്റകുറ്റപണിക്കായി വേണ്ടിവരും എന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്.
കുമരകം എന്ന പേര് ലോകം മുഴുവൻ പ്രശസ്തമാകുമ്പോഴും പ്രാദേശിക വികസനം സംബന്ധിച്ച് ഭരണകൂടത്തിന് യാതൊരു കാഴ്ചപ്പാടുകളും ഇല്ലാത്തതാണ് ഈ അവസ്ഥക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.`
ഗ്രാമീണ ടൂറിസം രംഗത്തെ വികസനത്തിന് വേണ്ട പദ്ധതികൾ ആവിഷ്കരിച്ച് വിദേശ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രയോജനമാകുംവിധം റോഡിന്റെ ദുരവസ്ഥ ശാശ്വതമായി പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
`



