play-sharp-fill
കുമരകത്തെ ഗതാഗത ദുരിതം : ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് ജനകീയ ഹര്‍ജ്ജിയുമായി എ.ഐ.വൈ.എഫ് ;  ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി എസ്. ഷാജോ ഹര്‍ജ്ജി ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു

കുമരകത്തെ ഗതാഗത ദുരിതം : ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് ജനകീയ ഹര്‍ജ്ജിയുമായി എ.ഐ.വൈ.എഫ് ;  ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി എസ്. ഷാജോ ഹര്‍ജ്ജി ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കുമരകം : കുമരകത്തെ ഗതാഗത ദുരിതം പരിഹരിക്കണമെന്ന ആവശ്യത്തില്‍ ഭരണകൂട ശ്രദ്ധക്ഷണിക്കാന്‍ മുഖ്യമന്ത്രിക്ക് ജനകീയ ഹര്‍ജ്ജിയുമായി എ.ഐ.വൈ.എഫ് . ഉദ്യോഗസ്ഥ അനാസ്ഥയില്‍ കോണത്താറ്റ് പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതാണ് ഗതാഗത ദുരിതത്തിന് കാരണമാകുന്നതെന്ന് എ.ഐ.വൈ.എഫ് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി എസ്. ഷാജോ പറഞ്ഞു. കുമരകത്ത് നടന്ന ജനകീയ ഹര്‍ജ്ജി ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാട്ടര്‍ ടാങ്കര്‍ ലോറികള്‍ , വലിയ സ്‌കൂള്‍ ബസ്സുകള്‍ , ഗവേഷണ കേന്ദ്രത്തിലെ വലിയ വാഹനങ്ങള്‍ , അട്ടിപ്പീടിക – കൊഞ്ചുമട സ്വകാര്യ ബസ്സുകള്‍ എന്നിവ തടസ്സമില്ലാതെ കടന്നു പോകുന്ന താല്‍ക്കാലിക റോഡിലൂടെ രാവിലെ ഏഴ് മണിമുതല്‍ പത്ത് മണി വരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി അവസാന സര്‍വ്വീസ് വരെയും ആ സമയങ്ങളില്‍ പെര്‍മിറ്റുള്ള ബസ്സുകള്‍ കടത്തി വിടണമെന്ന ആവശ്യം ഉന്നയിച്ചാണ് ജനകീയ ഹര്‍ജ്ജി തയ്യാറാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടിന്റെ വികസനം ലക്ഷ്യം വച്ച് ഇടത് സര്‍ക്കാര്‍ ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥ അനാസ്ഥ മൂലം കാലതാമസം നേരിടുകയാണ്. പാലത്തിന്റെ നിര്‍മ്മാണം 75 ശതമാനത്തോളം പൂര്‍ത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ ഡിസൈന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ എടുത്ത കാലതാമസമാണ് പാലം നിര്‍മ്മാണം നീളാന്‍ കാരണമായതെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.

സ്വകാര്യബസ്സുകള്‍ തങ്ങള്‍ക്ക് തോന്നുംപടി സര്‍വ്വീസ് നടത്തുന്നതിനാല്‍ ജനങ്ങള്‍ യാത്രാ ദുരിതത്താല്‍ വലയുകയാണ്. രാത്രികാലങ്ങളില്‍ പെര്‍മിറ്റ് സര്‍വ്വീസുകള്‍ നടത്തുന്നില്ല , വൈക്കം ഭാഗത്തേയ്ക്കുള്ള സിംഹഭാഗം ബസ്സുകളും ലാഭം കണക്കാക്കി കോട്ടയം കുമരകം സര്‍വ്വീസ് മാത്രമാണ് നടത്തുന്നത്. ഗതാഗത കുരുക്കും താല്‍ക്കാലിക റോഡിന്റെ ബലക്ഷയവും ചൂണ്ടിക്കാട്ടി ബസ്സുകള്‍ ഇരുകരകളിലുമായി സര്‍വ്വീസ് നടത്തുമ്പോള്‍ , അട്ടീപ്പീടിക , കൊഞ്ചുമട ബസ്സുകള്‍ മാത്രം മുഴുവന്‍ സമയവും താല്‍ക്കാലിക റോഡിലൂടെ സര്‍വ്വീസ് നടത്തുന്നു. ഒരേ വിഷയത്തില്‍ അധികാരികള്‍ സ്വീകരിക്കുന്ന ഇരട്ട നീതിയും ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചാ വിഷയമാണ്.

ചൊവ്വാഴ്ച വൈകീട്ട് നാലിന് കുമരകം ബസ്സ് ബേയില്‍ നടന്ന ജനകീയ ഹര്‍ജ്ജി ഒപ്പു ശേഖരണ പരിപാടിയില്‍ മേഖല പ്രസിഡന്റ് സുരേഷ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഒപ്പു ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം ജനകീയ ഹര്‍ജ്ജി മുഖ്യമന്ത്രിക്ക് നേരിട്ട് എത്തിച്ചു നല്‍കുമെന്ന് എ.ഐ.വൈ.എഫ് കുമരകം മേഖല കമ്മറ്റി പറഞ്ഞു. മേഖല സെക്രട്ടറി എസ്.ഡി റാം , സുനില്‍കുമാര്‍ തുരുത്തേല്‍ , വിഷ്ണുദാസ് ആപ്പത്ര , അജീഷ് ആശാരിമറ്റം , സത്യന്‍ നേരേമട തുടങ്ങിയവര്‍ സംസാരിച്ചു.