കുമരകം കരിമീനിന് വില കുറഞ്ഞു: സീസണ്‍ ആരംഭിച്ചതോടെ വില ഇനിയും കുറയുമെന്ന് മത്സ്യ സഹ.സംഘം:: സീസണ്‍ മാര്‍ച്ച്-ഏപ്രില്‍ വരെ നീളും ഇക്കുറി കരിമീന്‍ ഉത്പാദനം കൂടുമെന്ന് മത്സ്യ തൊഴിലാളികള്‍:

Spread the love

 

സ്വന്തം ലേഖകന്‍
കോട്ടയം: കുമരകം കരിമീനിന് വില കുറയുന്നു. കിലോഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്നു ഒറ്റ ദിവസം ഉണ്ടായിരിക്കുന്നത്. കരീമീന്‍ സീസണ്‍ ആരംഭിച്ചതോടെ വില ഇനിയും താഴുമെന്നാണ് കുമരകത്തെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി സഹകരണ സംഘം ജീവനക്കാര്‍ പറയുന്നത്. കരിമീനിന്റെ തൂക്കമനുസരിച്ചാണ് വില. എപ്ലസ്,എ , ബി എന്നിങ്ങനെ കാറ്റഗറി തിരിച്ചാണ് വില നിശ്ചയിക്കുന്നത്. ഒരു കിലോഗ്രാം എപ്ലസ് കരിമീനിന്റെ വില 550 രൂപയാണ്. എ -510, ബി 400 എന്നിങ്ങനെയാണ് വില. നേരത്തേ ഇത് യഥാക്രമം 600, 550, 450 എന്നിങ്ങനെയായിരുന്നു. 250 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ളത് എപ്ലസ്. 150 മുതല്‍ 245 ഗ്രാം വരെ എ. 150 ഗ്രാമില്‍ താഴെയുള്ളത് ബി.

കരിമീന്‍ സീസണ്‍ ആരംഭിച്ചതാണ് വില കുറയാന്‍ കാരണം. വില ഇനിയും കുറയും. മാര്‍ച്ച്-ഏപ്രില്‍ മാസം വരെ സീസണ്‍ തുടരും. ഇക്കുറി കരിമീന്‍ ലഭ്യത കൂടാനാണ് സാധ്യതയെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചതോടെ കായലില്‍ കിടക്കുന്ന പോള ചീയുകയും അതുവഴി കരിമീന്‍ ഉത്പാദനം കൂടുമെന്നുമാണ് മത്സ്യ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. നൂറിലധികം മത്സ്യ തൊഴിലാളികളാണ് വേമ്പനാട്ട് കായലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഉടക്കു വല ഉപയോഗിച്ചാണ് ഇവര്‍ മീന്‍ പിടിക്കുന്നത്.

കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ കരിമീനിനേക്കാള്‍ ഡിമാന്റ് കുമരകം കരിമീനിനാണ്. അതിനാല്‍ ദൂരെ സ്ഥലത്തു നിന്ന ആളുകള്‍ കുമരകത്തെത്തി കരിമീന്‍ വാങ്ങാറുണ്ട്. രണ്ടു പേരടുങ്ങുന്ന സംഘമായിട്ടാണ് വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നത്. ഇത്തരം അന്‍പതും അറുപതും വള്ളങ്ങളാണ് ദിവസം കായലില്‍ മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു വള്ളത്തിന് ദിവസം 25 മുതല്‍ 30 കിലോഗ്രാം കരിമീന്‍ വരെ കിട്ടാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group