കുമരകം ബോട്ട് ടെർമിനൽ പൂർത്തിയായി, ഉദ്ഘാടനം ഒരു മാസത്തിനുള്ളിൽ
സ്വന്തംലേഖകൻ
കോട്ടയം : ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കുമരകത്തു സഞ്ചാരികളെ വരവേൽക്കാൻ നാലുപങ്ക് ബോട്ട് ടെർമിനൽ ഒരുങ്ങി.
ലക്ഷങ്ങൾ ചെലവഴിച്ച ബോട്ട് ടെർമിനൽ പൂർത്തിയായതോടെ കുമാരകത്തിന്റെ ടൂറിസം രംഗം കൂടുതൽ ഉഷാറാകുമെന്ന പ്രതിക്ഷയിലാണ് അധികൃതർ.
കുമരകത്തിന്റെ വടക്ക് നിന്ന് തെക്കൻ മേഖലയിലേക്കും സഞ്ചാരികളെ ആകർഷിക്കുന്നതിനു ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിയാണിത്. ചിത്തിര കായലും വേമ്പനാട്ട് കായലും അതിർത്തി പങ്കിടുന്ന തീരത്ത് അത്യാധുനിക സംവിധാനങ്ങളോടെ നിർമ്മിച്ചിരിക്കുന്ന ബോട്ട് ടെർമിനലിനായി ടൂറിസം വകുപ്പ് 3.8 കോടിയാണ് ചെലവഴിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) ക്കായിരുന്നു ടെർമിനലിന്റെ നിർമ്മാണ ചുമതല.
ഒരേ സമയം 40 ഹൗസ്ബോട്ടുകൾക്ക് പാർക്ക് ചെയ്യാനുള്ള സംവിധാനം, കായൽ മനോഹാരിത ആസ്വദിക്കുന്നതിനായി രണ്ട് നില കെട്ടിടവും അതിനു മുകളിൽ വാച്ച് ടവറും, സഞ്ചാരികൾക്കായി വിശ്രമകേന്ദ്രം, കോഫി ഷോപ്പ്, റസ്റ്ററന്റുകൾ, ടോയ്ലറ്റ് ബ്ലോക്കുകൾ , നടപ്പാതകൾ തുടങ്ങി നിരവധി സജ്ജീകരണങ്ങളോടെയാണ് നാലു പങ്ക് ബോട്ട് ടെർമിനൽ പൂർത്തികരിച്ചിരിക്കുന്നത്.
നാലുപങ്ക് ആലപ്പുഴ ജില്ലക്ക് അടുത്ത പ്രദേശമായതിനാൽ ഇവിടെ ബോട്ട് ടെർമിനൽ വരുന്നതോടെ ആലപ്പുഴയിൽ നിന്നെത്തുന്ന ഹൗസ്ബോട്ടുകൾക്ക് ഇവിടെയെത്തി വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ കഴിയും. നിലവിൽ കുമരകത്തെ ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്യുന്നതിനായി സ്ഥിരം സംവിധാനമില്ല. വിവിധ കായലോരങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത പ്രദേശങ്ങളിൽ കൊണ്ട് കെട്ടിയിടുകയായിരുന്നു പതിവ്.
2016 ൽ സർക്കാർ അനുമതി കിട്ടിയ നാല് പങ്ക് ബോട്ട് ടെർമിനലിന്റെ നിർമ്മാണം പിന്നീട് വിവിധ നൂലാമാലകളിൽ കുടുങ്ങി നീണ്ടു പോയിരുന്നു. പ്രദേശത്തെ മത്സ്യസമ്പത്ത് നശിപ്പിച്ച് ബോട്ട് ടെർമിനൽ നിർമ്മിക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പും പരിസ്ഥിതി സംരക്ഷകരും മത്സ്യകർഷകരും രംഗത്ത് വന്നത് ആദ്യ ഘട്ടത്തിൽ പ്രതിസന്ധികൾ സൃഷ്ട്ടിച്ചിരുന്നു. ഒടുവിൽ ആ വിഷയങ്ങൾ ഒത്തുതീർപ്പാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് പകുതിയായപ്പോൾ കെ.ഐ.ഐ.ഡി.സി കൃത്യമായി പണം നൽകുന്നില്ലെന്ന് ആരോപിച്ച് കരാറാകുകാർ പദ്ധതി ഉപേക്ഷിച്ചു. തുടർന്ന് അവരുടെ കുടിശ്ശിക വീട്ടി ,കഴിഞ്ഞ ഒരു വർഷത്തിനുള്ളിലാണ് അതിവേഗം പദ്ധതി പൂർത്തിയാക്കിയത്.
ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
അത് കൂടി പൂർത്തികരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ സഞ്ചാരികൾക്കായി ബോട്ട് ടെർമിനൽ തുറന്നു നൽകുമെന്ന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു.