കുമരകം ബോട്ട് അപകടം;കണ്ണീരോർമയ്ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് ;  പൊലിഞ്ഞത് ഒൻപത് മാസം പ്രായമായ കുഞ്ഞുൾപ്പടെ 29 ജീവനുകള്‍

കുമരകം ബോട്ട് അപകടം;കണ്ണീരോർമയ്ക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് ; പൊലിഞ്ഞത് ഒൻപത് മാസം പ്രായമായ കുഞ്ഞുൾപ്പടെ 29 ജീവനുകള്‍

 

സ്വന്തം ലേഖിക

കുമരകം :കായലോളങ്ങൾക്കുമീതെ ജ്വലിക്കുന്ന സ്‌മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട് തികയും.2002 ജൂലൈ 27 ന് രാവിലെയാണ് കുമരകം ബോട്ടുദുരന്തം ഉണ്ടാകുന്നത്. ജോലിക്കും പി എസ് സി പരീക്ഷ എഴുതാനുമായി 300 ലധികം ആളുകളുമായി
മുഹമ്മയില്‍ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ-53 ബോട്ട് കുമരകത്തിന് അര കിലോമീ​റ്റര്‍ പടിഞ്ഞാറു മാറി അപകടത്തില്‍പ്പെടുകയായിരുന്നു.

15 സ്ത്രീകളും 13 പുരുഷന്‍മാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലമര്‍ന്നത്. കോട്ടയം ജില്ലയില്‍ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയില്‍ പങ്കെടുക്കാന്‍ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരില്‍ ഭൂരിഭാഗവും. കൂടാതെ, പതിവ് യാത്രക്കാരായ മത്സ്യ വില്‍പ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരില്‍ കൂടുതലും. രണ്ടു കുടുംബങ്ങളിലെ മൂന്നു പേര്‍ വീതം മരിച്ചവരില്‍ ഉള്‍പ്പെടും. ലൈസന്‍സും ഫി​റ്റ്‌നസും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ മാത്രം സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലധികം പേര്‍ കയറിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് സര്‍വീസിന് യോഗ്യമല്ലെന്ന് അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്ബേ ബോട്ട് മാസ്​റ്ററായിരുന്ന രാജന്‍ നല്‍കിയ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചത് ഏറെ ചര്‍ച്ചാ വിഷയമായി.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേ​റ്റ് കോടതി മൂന്നില്‍ നിലനിന്നിരുന്ന കേസില്‍ ഉള്‍പ്പെട്ട പ്രതികളെയെല്ലാം രണ്ട് വര്‍ഷം വെറുതെ വിട്ടിരുന്നു.

ഓര്‍മ്മപ്പൂക്കളുമായി ‘അരങ്ങ്”

ദുരന്തത്തിന്റെ ആദ്യവര്‍ഷത്തെ അനുസ്മരണം മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയെങ്കിലും തുടര്‍ന്ന് അധികൃതര്‍ കൈയൊഴിഞ്ഞതോടെ അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറം അനുസ്മരണ ചടങ്ങ് ഏ​റ്റെടുത്തു. തുടര്‍ച്ചയായി 18-ാം വര്‍ഷമാണ് അരങ്ങിന്റെ നേതൃത്വത്തില്‍ അനുസ്മരണം നടത്തുന്നത്. ഇന്ന് രാവിലെ 7ന് മുഹമ്മ ബോട്ട് ജെട്ടിയില്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ചിത്രങ്ങള്‍ അലങ്കരിച്ച്‌ അതിന് മുന്നില്‍ ദീപം തെളിച്ച്‌ പുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം കായലില്‍ ഒഴുക്കും.

മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് അദ്ധ്യക്ഷത വഹിക്കും. മുഹമ്മ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളി വികാരി ഫാ.ജോണ്‍ പരുവപ്പറമ്ബില്‍ അനുസ്മരണ പ്രഭാഷണം ന‌ടത്തും. ഷാജി ഇല്ലത്ത് എഴുതിയ അനുസ്മരണ ഗാനം ദേവിക സുരേഷും അനന്തു അനിലും ചേര്‍ന്ന് ആലപിക്കും. സി.പി.ഷാജി അരങ്ങ് സ്വാഗതവും ടോമിച്ചന്‍ കണ്ണയില്‍ നന്ദിയും പറയും.