play-sharp-fill
കുമരകത്തെ ആഡംബര ഹോട്ടലിലെ കഞ്ചാവ് വേട്ട: ഹോട്ടലിനെതിരെയും എക്‌സൈസിന്റെ അന്വേഷണം; പ്രതിയാക്കണമോ എന്ന കാര്യം പരിശോധിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ

കുമരകത്തെ ആഡംബര ഹോട്ടലിലെ കഞ്ചാവ് വേട്ട: ഹോട്ടലിനെതിരെയും എക്‌സൈസിന്റെ അന്വേഷണം; പ്രതിയാക്കണമോ എന്ന കാര്യം പരിശോധിക്കുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്തെ അഡംബര ത്രീ സ്റ്റാർ ഹോട്ടലായ ആശിർവാദിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്ത സംഭവത്തിൽ ഹോട്ടലിനെതിരെ എക്‌സൈസ് സംഘം അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ ജീവനക്കാരനെ പ്രതി ചേർത്ത് കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അബ്ദുൾ കലാം വിശദമായ അന്വേഷണത്തിനു നിർദേശം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹോട്ടലിലെ ശുചീകരണ തൊഴിലാളി മാങ്ങാനം സ്വദേശി അഖിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കുമരകം ചക്രംപടിയിലെ ത്രീസ്റ്റാർ ഹോട്ടലായ ആശിർവാദിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് ചെടി പിടിച്ചെടുത്തത്. ഹോട്ടലിൽ എക്‌സൈസ് സംഘം ചെല്ലുമ്പോൾ പ്രതി ചേർക്കപ്പെട്ട അഖിൽ കഞ്ചാവ് ചെടി പരിപാലിക്കുകയായിരുന്നുവെന്ന വാദമാണ് അന്വേഷണ ഉദ്യോഗസ്ഥർ ഉയർത്തുന്നത്. ശുചീകരണ തൊഴിലാളി മാത്രമാണ് അഖിൽ എങ്ങിനെ ഹോട്ടലിലെ പൂന്തോട്ടത്തിൽ നിൽക്കുന്ന കഞ്ചാവ് തൈയ്ക്ക് വെള്ളമൊഴിച്ചു നട്ടുവളർത്തി എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ എക്‌സൈസ് സംഘത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. മറ്റെല്ലാ വാർത്തകളും കൃത്യമായി മാധ്യമങ്ങൾക്ക് എത്തിച്ചു നൽകുന്ന എക്‌സൈസ് സംഘത്തിനു പക്ഷേ, ഈ വാർത്തയിൽ അത്ര പ്രാധാന്യം കണ്ടെത്താൻ സാധിച്ചതുമില്ല.അതുകൊണ്ടു തന്നെയാണ് കേസ് ഒതുക്കാനാനാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ആദ്യം മുതൽ ശ്രമിച്ചതെന്ന് വ്യക്തം.
വീടിന്റെ പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തിയാൽ വീട്ടുടമസ്ഥനെയാണ് എക്‌സൈസ് സാധാരണ ഗതിയിൽ പ്രതി ചേർക്കുക. എന്നാൽ, ഇവിടെ പക്ഷേ, സ്ഥാപനത്തിന്റെ ഉടമയെ രക്ഷിക്കുന്നതിനു വേണ്ടി ഇവിടുത്തെ ജീവനക്കാരനെ പ്രതി ചേർത്ത് കേസ് ഒതുക്കുന്നതിനുള്ള ശ്രമമാണ് എക്‌സൈസ് സംഘം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. അഖിലിനെ ഒന്നാം പ്രതിയാക്കാൻ എന്ത് തെളിവ് ലഭിച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോഴും എക്‌സൈസ് സംഘം നൽകുന്നില്ല. എക്‌സൈസ് പരിശോധനയ്ക്ക് എത്തുമ്പോൾ അഖിൽ കഞ്ചാവ് ചെടി പരിപാലിക്കുകയായിരുന്നു എന്ന വാദം തന്നെയാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്.
നൂറുകണക്കിനു ജീവനക്കാരുള്ള ഒരു ഹോട്ടലിൽ, മറ്റാരും കാണാതെ അഖിൽ ഉച്ചയ്ക്ക് തന്നെ കഞ്ചാവ് ചെടി പരിപാലിച്ചു എന്ന വിചിത്രവാദം പക്ഷേ, വിശ്വാസയോഗ്യമല്ലെന്ന് ഹോട്ടലിലെ ഒരു വിഭാഗം ജീവനക്കാർ തന്നെ പറയുന്നു. മുൻപ് കഞ്ചാവ് കേസിൽ പ്രതിയല്ലാത്ത, അഖിലിനെ മനപൂർവം കുടുക്കിയതാണെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് കേസിൽ വിശദമായ അന്വേഷണം തന്നെ വേണമെന്ന് ആവശ്യം ഉയരുന്നത്.